ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ അപ്രതീക്ഷിക ഭൂരിപക്ഷത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് നാലു സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിക്കാൻ കോൺഗ്രസ് പദ്ധതി തയാറാക്കുന്നു. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്.
നാലു സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച യോഗവും വിളിച്ചിട്ടുണ്ട്.
ഇക്കൂട്ടത്തിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണകക്ഷിയാണ് കോൺഗ്രസ്. ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബേഗലിന്‍റെ നേതൃത്വത്തിൽ വലിയ പ്രതീക്ഷയും പാർട്ടിക്കുണ്ട്. എന്നാൽ, ഇവിടെ ടി.എസ്. സിങ്ദേവും താമ്രധ്വജ് സാഹുവും മുഖ്യമന്ത്രിക്കസേരയിൽ കണ്ണുവച്ചിട്ടുള്ളത് പ്രതിസന്ധിക്കു കാരണമാകുമെന്ന് ആശങ്ക നിലനിൽക്കുന്നു.
അതേസമയം, രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള സംഘർഷം പരിഹരിക്കാനാവാതെ തുടരുന്നത് തലവേദനയുമാണ്.
മധ്യപ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം കമൽ നാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയാണ് അധികാരമേറ്റതെങ്കിലും ഇപ്പോഴവിടം ഭരിക്കുന്നത് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയാണ്. രാജസ്ഥാനിലേതിനു സമാനമായ സാഹചര്യത്തിൽ കമൽ നാഥുമായി തെറ്റിപ്പിരിഞ്ഞ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് തെരഞ്ഞെടുപ്പ് ജയിക്കാതെ പാർട്ടി അവിടെ ഭരണം പിടിച്ചെടുത്തത്.
തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ ഭാരത രാഷ്‌ട്ര സമിതി മാത്രമല്ല, ബിജെപിയും കോൺഗ്രസിനു കടുത്ത വെല്ലുവിളിയാണ്. എന്നാൽ, രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്തു ലഭിച്ച ആവേശകരമായ സ്വീകരണം പാർട്ടിക്കു പ്രതീക്ഷ നൽകുന്നു. അയൽ സംസ്ഥാനമായ കർണാടകയിലെ കോൺഗ്രസ് അനുകൂല തരംഗവും തെലങ്കാനയിൽ മുതൽക്കൂട്ടാകുമെന്നാണു പ്രതീക്ഷ.