ന്യൂഡൽഹി: സംവരണ പരിധി 50 ശതമാനത്തിൽ നിന്നുയർത്താൻ പാർലമെന്‍റിൽ നിയമം കൊണ്ടുവരണമെന്നു കോൺഗ്രസ്. സംസ്ഥാനത്ത് സംവരണത്തോത് ഉയർത്തിയ ബിഹാർ സർക്കാരിന്‍റെ നടപടിയെ ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് ജനതാദൾ യു ദേശീയ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടതിനു പിന്നാലെയാണു കോൺഗ്രസിന്‍റെ നീക്കം.
പട്ടികജാതി, പട്ടികവർഗ, ഒബിസി ക്വോട്ട 50 ശതമാനത്തിൽ നിന്ന് 65ലേക്ക് ഉയർത്തിയ ബിഹാർ സർക്കാർ നടപടി പറ്റ്ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. സംവരണപരിധി 50 ശതമാനത്തിൽ കവിയരുതെന്ന നിബന്ധന ഓർമിപ്പിച്ചായിരുന്നു ഹൈക്കോടതി നടപടി.
നിയമപരിശോധന ഒഴിവാക്കാൻ ഒമ്പതാം പട്ടികയിൽപ്പെടുത്തണമെന്ന് ജെഡിയു യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ചാണു കോൺഗ്രസ് രംഗത്തെത്തിയത്. സംവരണത്തോത് 69 ശതമാനമായി ഉയർത്തിയ തമിഴ്നാട്ടിലെ നിയം 1994ൽ ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയതു പോലെ മറ്റു സംസ്ഥാനങ്ങളിലെ സംവരണ നിയമത്തിനും പരിരക്ഷ ഏർപ്പെടുത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു.
എന്നാൽ, ജെഡിയുവിന്‍റെ സഖ്യകക്ഷിയായ ബിജെപി ഇക്കാര്യത്തിൽ മൗനമാണ്. മാത്രമല്ല, ഒമ്പതാംപട്ടികയും കോടതിയുടെ പരിശോധനയ്ക്കു വിധേയമാണെന്ന് 2007ൽ സുപ്രീം കോടതി വിധിച്ചിരുന്നതിനാൽ ഭരണഘടനാ ഭേദഗതിക്ക് സർക്കാർ തയാറാകണമെന്നും ജയ്റാം രമേശ്.