ഉപതെരഞ്ഞെടുപ്പുകളിൽ ഇന്ത്യ സഖ്യത്തിന്‍റെ കുതിപ്പ്; ബിജെപിക്ക് വൻ തിരിച്ചടി

ഏഴു സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിൽ നടത്തിയ ഉപതെരഞ്ഞെടുപ്പുകളിൽ പത്തിടത്തും ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾക്ക് മേൽക്കൈ
India alliance surge in bypolls
ഇന്ത്യ സഖ്യം നേതാക്കൾFile
Updated on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടത്തിയ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഗംഭീര മുന്നേറ്റം കാഴ്ചവച്ചു. പതിമൂന്നിൽ പത്ത് സീറ്റിലും വിശാല പ്രതിപക്ഷ മുന്നണിയിലെ ഘടകകക്ഷികൾ ജയം ഉറപ്പിച്ചപ്പോൾ, ബിജെപി നയിക്കുന്ന എൻഡിഎ നേടിയത് രണ്ട് സീറ്റ് മാത്രം. ഒരിടത്തു സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു.

പഞ്ചാബിൽ ആം ആദ്മി പാർട്ടിയും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമാണ് ഇന്ത്യ മുന്നണിക്കു വേണ്ടി പോരാട്ടം നയിച്ചത്. ബംഗാളിൽ കോൺഗ്രസും തൃണമൂലും പരസ്പരം മത്സരിക്കുന്ന സാഹചര്യവും ഉണ്ടായി. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് രണ്ട് സീറ്റ് ഉറപ്പിച്ചപ്പോൾ ഒരിടത്തു മാത്രം ബിജെപി മുന്നിലെത്തി. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടത്തിയ രണ്ട് സീറ്റിലും മധ്യപ്രദേശിലെ ഒരു സീറ്റിലും കോൺഗ്രസാണ് ജയം ഉറപ്പിച്ചത്.

തമിഴ്‌നാട്ടിൽ ഡിഎംകെ സ്ഥാനാർഥി ജയിച്ചപ്പോൾ, ബിഹാറിലാണ് സ്വതന്ത്ര സ്ഥാനാർഥിക്കു ജയം കുറിക്കാൻ സാധിച്ചത്.

ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ് നാട്, മധ്യ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ബുധനാഴ്ചയായിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടിപ്പിനു ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണിത്.

നിയമസഭയിലെ കൂറുമാറ്റങ്ങൾക്കും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ കാലുമാറ്റങ്ങൾക്കും ജനങ്ങൾ നൽകിയ തിരിച്ചടി എന്ന നിലയിൽ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്. മറ്റു പാർട്ടികളിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്ന് വീണ്ടും മത്സരിച്ച അഞ്ച് ബിജെപി സ്ഥാനാർഥികൾ പരാജയപ്പെട്ടു. ബിഹാറിൽ ജെഡിയു വിട്ട് ആർജെഡിയിൽ ചേർന്ന സിറ്റിങ് എംഎൽഎ ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായി.

എന്നാൽ, ബംഗാളിൽ പ്രവണത ഇതിനു വിപരീതമായിരുന്നു. ഇവിടെ മൂന്നു മണ്ഡലങ്ങളിൽ ജയിച്ചത് ബിജെപി വിട്ട് തൃണൂൽ കോൺഗ്രസിൽ ചേർന്ന സ്ഥാനാർഥികളാണ്.

പഞ്ചാബ്

പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എഎപി എംഎൽഎ രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ കാലുമാറിയ ശീതൾ അംഗുരാലിനെ പരാജയപ്പെടുത്തി എഎപി സ്ഥാനാർഥി മൊഹീന്ദർ ഭഗത് വിജയിച്ചു.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ബദരിനാഥ് സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത് കോൺഗ്രസ് എംഎൽഎ രാജിവച്ച് ബിജെപിയിൽ ചേർന്നതുകൊണ്ടാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലഖപത് സിങ് ബുട്ടോല പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ‌് വിട്ട് ബിജെപിയിലെത്തിയ രാജേന്ദ്ര ഭണ്ഡാരിയെ.

മംഗ്ലോർ മണ്ഡലത്തിൽ ബിഎസ്‌പി എംഎൽഎ സർവത് കരിം അൻസാരി അന്തരിച്ച ഒഴിവിൽ നടത്തിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ വിജയിച്ചു.

മധ്യപ്രദേശ്

മധ്യപ്രദേശിലെ അമർവാഡയിലും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സിറ്റിങ് എംഎൽഎയ്ക്ക് ജനങ്ങൾ മറുപടി നൽകുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധീരന്‍ ഷാ ഇന്‍വതി, ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ കമലേഷ് ഷായെ തോൽപ്പിച്ചു.

പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിലെ റായ്ഗഞ്ജ്, ബാഗ്ദാ, റാണാഘട്ട് ദക്ഷിൺ, മണിക്‌തല എന്നിങ്ങനെ നാലു മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസ് മൂന്ന് സീറ്റുകൾ ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുകയും ഒരു സിറ്റിങ് സീറ്റ‌് നിലനിർത്തുകയും ചെയ്തു. റായ്ഗഞ്ചിൽ തൃണമൂലിന്‍റെ കൃഷ്ണ കല്യാണിയാണ് വിജയിച്ചത്. ബിജെപി എംഎൽഎ ആയിരുന്ന കൃഷ്ണ കല്യാണി രാജിവച്ച് തൃണമൂലില്‍ ചേര്‍ന്ന് മത്സരിക്കുകയായിരുന്നു. റാണാഘട്ട് ദക്ഷിണയിൽ മുകുത് മണി അധികാരിയും ബിജെപിയിൽനിന്ന് രാജിവച്ച് തൃണമൂലിൽ ചേർന്നാണ് ജയം ആവർത്തിച്ചത്. ബാഗ്ദാ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ് സീറ്റ് തൃണമൂലിന്‍റെ മധുപര്‍ണ ഠാക്കൂറും പിടിച്ചെടുത്തു.

മണിക്‌തലയിൽ തൃണമൂല്‍ സ്ഥാനാര്‍ഥി സുപ്തി പാണ്ഡെ വിജയിച്ചു. തൃണമൂൽ എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. അദ്ദേഹത്തിന്‍റെ ഭാര്യയാണ് സുപ്തി.

ബിഹാർ

ജെഡിയുവിന്‍റെ സിറ്റിങ് സീറ്റായിരുന്ന ബിഹാറിലെ രുപോലിയിൽ സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിങ്ങാണ് മുന്നില്‍. ജെഡിയുവിന്‍റെ കലാധര്‍ പ്രസാദ് മണ്ഡല്‍ രണ്ടാമതായി. ജെഡിയു എംഎല്‍എ ബീമ ഭാരതി രാജിവെച്ച് ആര്‍ജെഡിയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബീമ ഭാരതി ഇവിടെ വീണ്ടും മത്സരിച്ചെങ്കിലും മൂന്നാമതായി. മുൻപ് അഞ്ച് വട്ടം എംഎൽഎ ആയിരുന്നു.

തമിഴ്‌നാട്

തമിഴ്‌നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെ എംഎൽഎയുടെ മരണത്തെത്തുടർന്നു നടത്തിയ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിലനിർത്തുകയായിരുന്നു. എന്‍. പുകഴേന്തിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ അണ്ണിയൂര്‍ ശിവ വിജയിച്ചു.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയ മൂന്ന് സീറ്റിൽ രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഡെറ, ഹാമിര്‍പുര്‍, നലഗഢ് മണ്ഡലങ്ങളിൽ സ്വതന്ത്രരായിരുന്നു സിറ്റിങ് എംഎൽഎമാർ. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇവര്‍ ഫെബ്രുവരിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപിയെ പിന്തുണയ്ക്കുകയും പിന്നീട് നിയമസഭാംഗത്വം രാജിവച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കുകയുമായിരുന്നു.

ഡെറയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന്‍റെ ഭാര്യയുമായ കമലേഷ് ഠാക്കൂര്‍ ജയിച്ചപ്പോൾ സിറ്റിങ് എംഎൽഎ ഹോഷിയാര്‍ സിങ് രണ്ടാം സ്ഥാനത്തായി. ഹാമിര്‍പുരിൽ ബിജെപിയുടെ ആശിഷ് ശര്‍മ സീറ്റ് നിലനിർത്തി. നലഗഢിൽ കോണ്‍ഗ്രസിലെ ഹര്‍ദീപ് സിങ് ബവ സിറ്റിങ് എംഎല്‍എ കെ.എല്‍. ഠാക്കൂറിനെ പരാജയപ്പെടുത്തി.

Trending

No stories found.

Latest News

No stories found.