ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും. ഹരിയാനയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരുമുള്ളത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്‍സി എച്ച്.എല്‍. പഹ്‌വയില്‍ നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കു തന്നെ വിറ്റതില്‍ പ്രിയങ്കയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം.
പ്രയങ്കയുടെ ഭർത്താവ്, ബിസിനസുകാരനായ റോബർട്ട് വാദ്രയുടെ പേരും കുറ്റപത്രത്തിലുണ്ട്, എന്നാൽ ആരെയും "കുറ്റവാളികൾ" ആയി പട്ടികപ്പെടുത്തിയിട്ടില്ല,റോബര്‍ട്ട് വാദ്ര 40.08 ഏക്കറോളം വരുന്ന, മൂന്നു ഭാഗങ്ങളായുള്ള ഭൂമി 2005- 06 കാലത്ത് വാങ്ങുകയും 2010-ല്‍ അയാള്‍ക്കു തന്നെ ഇത് വില്‍ക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. ഇയാള്‍ എന്‍.ആര്‍.ഐ. വ്യവസായി സി.സി. തമ്പിക്കും ഭൂമി വിറ്റുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
എൻആർഐ വ്യവസായി സി.സി. തമ്പി, ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ സുമിത് ഛദ്ദ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഒളിവിലായ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയെ സി.സി. തമ്പിയും ബ്രിട്ടീഷ് പൗരനായ മറ്റൊരു വ്യവസായിയും ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സി.സി. തമ്പിയുമായി വാദ്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡി ആരോപണം. 2006-ല്‍ പ്രിയങ്കയുടെ പേരില്‍ പഹ്‌വയില്‍നിന്ന് വാങ്ങിയ വീട് ഭൂമിക്കൊപ്പം തിരിച്ചു വിറ്റുവെന്നും ആരോപിക്കുന്നു. സമാനരീതിയില്‍ സി.സി. തമ്പി പഹ്‌വയില്‍നിന്ന് 486 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.