ഇന്ത്യയുടെ സൗരദൗത്യം വിജയം; ആദിത്യ എൽ 1 ലക്ഷ്യത്തിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദൗത്യം ലക്ഷ്യത്തിലെത്തിയ വിവരം രാജ്യത്തെ അറിയിച്ചത്.
Representative image
Representative image
Updated on

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1 ലക്ഷ്യത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദൗത്യം ലക്ഷ്യത്തിലെത്തിയ വിവരം രാജ്യത്തെ അറിയിച്ചത്. ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ലഗ്രാഞ്ച് പോയിന്‍റ് 1ന് (എൽ1) ചുറ്റുമുള്ള ഹാലോഭ്രമണപഥത്തിലാണ് പേടകം ചുവടുറപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്‍റ്. ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ദൂരത്തിന്‍റെ ഒരു ശതമാനം മാത്രമാണ് ഈ ദൂരം. മുഴുവൻ സമയവും സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാനാകുമെന്നതാണു ഭൂമിക്കും സൂര്യനുമിടയിലെ എൽ1 പോയിന്‍റിന്‍റെ സവിശേഷത.

ഗ്രഹണകാലത്തു പോലും ആദിത്യയുടെ കാഴ്ചയ്ക്ക് തടസങ്ങളുണ്ടാവില്ല. അവിടെ നിന്നു സൂര്യനെ നിരീക്ഷിക്കുന്ന പേടകം സൗരവാതങ്ങളെയും കൊറോണയെയും കുറിച്ച് പുതിയ അറിവുകൾ മാനവരാശിക്ക് സമ്മാനിക്കും.

125 ദിവസം നീളുന്ന ബഹിരാകാശ സഞ്ചാരത്തിനു സമാപനം കുറിച്ചാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുന്നത്. ചന്ദ്രയാൻ 3ലൂടെ ചാന്ദ്രപര്യവേക്ഷണത്തിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കിയതിനു പിന്നാലെയാണു സൂര്യ ദൗത്യത്തിലെ വിജയം.

ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. രാജ്യത്തിന്‍റെ ആദ്യ സൗര നിരീക്ഷണ പേടകം ആദിത്യ എൽ 1 ലക്ഷ്യത്തിലെത്തിയിരിക്കുന്നു. നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനപ്രയത്നത്തിന്‍റെയും സമർപ്പണത്തിന്‍റെയും തെളിവാണ് സങ്കീർണവും ഗഹനവുമായ ബഹിരാകാശ ദൗത്യം യാഥാർഥ്യമായിരിക്കുന്നത്. ആശ്ചര്യകരമായ ഈ കാൽവയ്പ്പിനെ രാജ്യത്തിനൊപ്പം ചേർന്ന് അഭിനന്ദിക്കുന്നു. മാനവരാശിയുടെ നേട്ടത്തിനായി പുതിയ ശാസ്ത്ര സീമകൾ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നാം ഇനിയും തുടരും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.