ന്യൂഡൽഹി: പ്രണയബദ്ധരായ പത്തൊമ്പതുകാരനും പതിനേഴുകാരിക്കും കുട്ടി ജനിച്ചു. പത്തൊമ്പതുകാരനെതിരേ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തെങ്കിലും ഡൽഹി ഹൈക്കോടതി ഇതു റദ്ദാക്കി. നവജാത ശിശുവിന് മാതാപിതാക്കളുടെ സംരക്ഷണം ആവശ്യമാണെന്നതു കണക്കിലെടുത്ത് പ്രത്യേക സാഹചര്യത്തിലാണ് കേസ് റദ്ദാക്കുന്നതെന്ന് കോടതി.
എഫ്ഐആർ റദ്ദാക്കിയില്ലെങ്കിൽ നവജാത ശിശു അടക്കം മൂന്നു വ്യക്തികളുടെ ജീവിതമാണ് തകരുക. അതിനാൽ മാനുഷിക പരിഗണനയിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അയൽക്കാരായിരുന്ന കൗമാരക്കാർ ഒരു വർഷം മുൻപ് പരസ്പര സമ്മതത്തോടെ വിവാഹിതരായിരുന്നു. പെൺകുട്ടി ഗർഭാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ അവിടെനിന്നാണ് ഈ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതു കണക്കിലെടുത്ത് പൊലീസ് പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ മാസം പെൺകുട്ടിക്ക് ആൺകുഞ്ഞ് ജനിച്ചു. പിന്നാലെ ഭർത്താവ് അറസ്റ്റിലാകുകയും ചെയ്തു. ഇയാൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി പോക്സോ കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. ഹർജിക്കാരന് പ്രായപൂർത്തിയായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ എഫ്ഐആർ റദ്ദാക്കരുതെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സമ്മതം നൽകാൻ ശേഷിയുള്ള പ്രായം കുട്ടിക്ക് ആയിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ വാദം. ഇതെത്തുടർന്ന് പെൺകുട്ടിയുമായും മാതാപിതാക്കളുമായും നേരിൽ സംസാരിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പെൺകുട്ടിയുടെ ബന്ധത്തെപ്പറ്റി മാതാപിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായി ബോധ്യപ്പെട്ടെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
ആശുപത്രി അധികൃതർ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തതിനു ശേഷം, തന്‍റെ പ്രണയബന്ധത്തെക്കുറിച്ച് പെൺകുട്ടി പൊലീസിനു സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. എഫ്ഐആർ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് പെൺകുട്ടിയുടെ അമ്മയും കോടതിയെ അറിയിച്ചു.