ന്യൂഡൽഹി: പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിൻഗാമിയെ കണ്ടെത്താനായി സിപിഎം യോഗം. ശനിയാഴ്ച വൈകിട്ട് ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജനറൽ സെക്രട്ടറിയെ ഇപ്പോൾ തെരഞ്ഞെടുക്കണോ അതോ കൺവീനറോ നിയമിക്കണമോ എന്നതിൽ വ്യക്തത വരുത്തും. പാർട്ടി കോൺഗ്രസ് അടുത്തതിനാലാണ് ഈ വിഷയത്തിൽ അവ്യക്തതയുള്ളത്. കേന്ദ്ര കമ്മിറ്റിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അടുത്ത വർഷം ഏപ്രിലിൽ ആണ് അടുത്ത പാർട്ടി കോൺഗ്രസ്. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ബംഗാൾ സംസ്താന സെക്രട്ടറി മുഹമ്മദ് സലീം, ബി.വി. രാഘവലു, മണിക് സർക്കാർ, തപൻസെൻ എന്നിവരെ പരിഗണിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്. കേരള ഘടകത്തിന്‍റെ നിലപാടും നിർണായകമാകും.
പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ എന്നിവർ പാർട്ടി മാനദണ്ഡം പ്രകാരമുള്ള പ്രായപരിധിയായ 75 വയസ്സ് കഴിഞ്ഞവരാണ്. പ്രായപരിധി പരിഗണിക്കുന്നില്ലെങ്കിൽ മൂവർക്കു സാധ്യതയുണ്ട്.
യെച്ചൂരിയുടെ ഭൗതിക ശരീരത്തിന്‍റെ പൊതു ദർശനം അവസാനിച്ചതിനു ശേഷം പിബി അഗങ്ങൾ യോഗം ചേർന്നേക്കും. യെച്ചൂരി ചികിത്സയിലായിരുന്ന സമയത്ത് പാർട്ടി സെന്‍ററിനായിരുന്നു ചുമതല. നിലവിൽ അതു തന്നെ തുടരുകയാണ്.