മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ. ക്രൈം പട്രോൾ പോലുള്ള ടിവി ഷോകളിലൂടെ പ്രശസ്തമായ നടി ഷബ്രീനെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മാവനായ ബ്രിജേഷുമായി ഷബ്രീൻ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ ജാതി മത വ‍്യതാസങ്ങൾ കാരണം ബ്രിജേഷിന്‍റെ കുടുംബം എതിർത്തു. വിവാഹത്തെ എതിർത്ത് കുടുംബം രംഗത്തെത്തിയതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഷബ്രീൻ തീരുമാനിക്കുകയായിരുന്നു.
ബ്രിജേഷിനോടുള്ള അടങ്ങാത്ത അഭിനിവേഷം ഷബ്രീൻ അഭിനയിച്ചു കൊണ്ടിരുന്ന ക്രൈം സീരിയൽ പോലെ തന്‍റെ ജീവിതത്തിലും അനുകരിച്ചുവെന്ന് സീനിയർ ഉദ്യോഗസ്ഥൻ ജയരാജ് റാണാവാനെ പറഞ്ഞു. ഷബ്രീൻ ശനിയാഴ്ച കുട്ടിയെ സ്കൂളിൽ നിന്നും ഡോക്‌ടറെ കാണിക്കാനെന്ന വ‍്യാജേന തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഷബ്രീനെ നേരത്തെ തന്നെ കുട്ടിക്ക് അറിയാമായിരുന്നത് കൊണ്ട് കൂടെ പോകാൻ തടസമുണ്ടായിരുന്നില്ല.
ഉച്ചയായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ സ്കൂളുമായി ബന്ധപ്പെട്ടു. സ്കൂൾ അധികൃതർ പറഞ്ഞ വിവരമനുസരിച്ച് ഷബ്രീനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ‍്യക്തമായി. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഷബ്രീനൊപ്പം മറ്റൊരു സ്ത്രീ കൂടെ ഉണ്ടായതായി വ‍്യക്തമായി. ഓട്ടോ റിക്ഷയിലായിരുന്നു തട്ടികൊണ്ട് പോയത്. തുടർന്ന് ഓട്ടോ ഡ്രൈവറെ ചോദ‍്യം ചെയ്യുകയും തുടർന്ന് മൊബൈൽ ഫോൺ ട്രേസ് ചെയ്ത് നടിയെ ബാന്ദ്രയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.