ബിജെപിയെ പിന്തുണച്ച ദളിത് യുവതി കൊല്ലപ്പെട്ടു; എസ്പി നേതാവ് അറസ്റ്റിൽ

എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ ശക്തി കേന്ദ്രമാണ് കർഹൽ
Dalit woman who supported BJP killed; SP leader arrested
ബിജെപിയെ പിന്തുണച്ച ദളിത് യുവതി കൊല്ലപ്പെട്ടു; എസ്പി നേതാവ് അറസ്റ്റിൽ
Updated on

ലക്നൗ: ഉത്തർപ്രദേശിലെ കർഹലിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നു പറഞ്ഞ ദളിത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാക്കളായ പ്രശാന്ത് യാദവിനെയും മോഹൻ കത്തേരിയയെയും അറസ്റ്റ് ചെയ്തു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ ശക്തി കേന്ദ്രമാണ് കർഹൽ. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അഖിലേഷ് രാജിവച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ് ഇവിടെ. അഖിലേഷിന്‍റെ അനന്തരവൻ തേജ് പ്രതാപ് യാദവാണ് എസ്പി സ്ഥാനാർഥി. തേജ് പ്രതാപിന്‍റെ ഭാര്യയുടെ അമ്മാവൻ അനൂജ് യാദവാണു ബിജെപിക്കു വേണ്ടി മത്സരിക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജനയിൽ വീട് ലഭിച്ചതിനാൽ താമരയ്ക്കു വോട്ട് ചെയ്യുമെന്നു പറഞ്ഞ ഇരുപത്തിമൂന്നുകാരിയെ പ്രശാന്ത് യാദവും സംഘവും ഭീഷണിപ്പെടുത്തിയെന്നു കൊല്ലപ്പെട്ട യുവതിയുടെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച എസ്പി പ്രവർത്തകർ മകളെ ഭീഷണിപ്പെടുത്തിയെന്നും പിന്നീടു കാണാതായെന്നുമാണ് അച്ഛന്‍റെ മൊഴി.

നദീതീരത്ത് ചാക്കിനുള്ളിൽ നഗ്നമായ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. യുവതിയെ പ്രശാന്തും മറ്റൊരാളും കൂടി പിടിച്ചുവലിച്ച് ബൈക്കിൽ കയറ്റുന്നതു കണ്ടതായി ദൃക്സാക്ഷിയുടെ മൊഴിയുണ്ട്. യുവതിയെ ബലാത്സംഗം ചെയ്തതായും കുടുംബാംഗങ്ങൾ ആരോപിച്ചു.

മുലായം കുടുംബത്തിന്‍റെ തട്ടകമായ മെയിൻപുരി ജില്ലയിലാണു കർഹൽ. സൈക്കിളിന് വോട്ട് ചെയ്യാൻ വിസമ്മതിച്ചതിന് ദളിത് പെൺകുട്ടിയെ എസ്പി നേതാവും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ചൗധരി ആരോപിച്ചു. സമാജ്‌വാദി പാർട്ടി നേതൃത്വം സംഭവത്തിൽ പ്രതികരിച്ചില്ല. സമഗ്ര അന്വേഷണം വേണമെന്നു തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.