ഹര്‍ജി തള്ളി വിധി പ്രസ്താവിച്ച ജഡ്ജിയെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും കോടതിയെ സമീപിച്ചയാള്‍ക്ക് 6 മാസം തടവും പിഴയും വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യദ്രോഹവും അപകീര്‍ത്തിപരവുമായ വിധിയാണ് പ്രസ്താവിച്ചതെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയും ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യുകയും ചെയ്ത നരേഷ് ശര്‍മ എന്നയാള്‍ക്കെതിരേയാണ് കോടതിയലക്ഷ്യ കേസിന് ശിക്ഷ വിധിച്ചത്.
യൂണിയന്‍ ഓഫ് ഇന്ത്യ, ഡല്‍ഹി പൊലീസ്, മുംബൈ പൊലീസ്, ബംഗളൂരു പൊലീസ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റ്, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ എന്നിവരെ ഉടന്‍ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചാബിലെ പത്താന്‍കോട്ട് നിവാസിയായ നരേഷ് ശര്‍മ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ് അധ്യക്ഷനായ ബെഞ്ച് നരേഷ് ശര്‍മയ്‌ക്ക് 2000 രൂപ പിഴയും 6 മാസം തടവും വിധിക്കുകയായിരുന്നു.
നീതിപീഠത്തിനെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുറ്റകരമാണെന്നും ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടിയെന്നും കോടതി വ്യക്തമാക്കി. പിഴ അടച്ചില്ലെങ്കില്‍ 7 ദിവസം കൂടി അധികം തടവ് അനുഭവിക്കണം. നരേഷ് ശര്‍മയെ ഉടൻ തിഹാര്‍ ജയിലിലേക്ക് മാറ്റും. വിധിയിൽ പശ്ചാത്താപം പ്രകടിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.