ന്യൂഡൽഹി: ലോക്സഭാ ചേംബറിലേക്ക് ചാടിയത് മൈസൂരു സ്വദേശി ഡി. മനോരഞ്ജനും (34) ലക്നൗ സ്വദേശി സാഗർ ശർമയും (26) എന്ന് തിരിച്ചറിഞ്ഞു. പാർലമെന്റ് പരിസരത്ത് കളർസ്പ്രേ ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിടിയിലായത് ഹരിയാനയിലെ ജിൻഡ് സ്വദേശി നീലം ദേവിയും (42) മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25)യുമാണ്. ഇവർക്കു പുറമേ ഗുഡ്ഗാവിൽ നിന്ന് വിക്കി ശർമ എന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. ആറാമൻ ലളിത് ഝായ്ക്കു വേണ്ടി തെരച്ചിൽ തുടരുന്നു. പ്രതികൾ നാലു വർഷമായി പരസ്പരം അടുപ്പമുള്ളവരാണ്. ഇന്നലെ ഇവർ ഗുരുഗ്രാം ഹൗസിൽ ഒരുമിച്ചു ചേർന്നിരുന്നു.
പാർലമെന്റ് സമുച്ചയത്തിനു പുറത്ത് പ്രതിഷേധിച്ച നീലം ദേവിയും ഷിൻഡെയും ഏകാധിപത്യം അനുവദിക്കില്ല, ഭാരത് മാതാ കീ ജയ്, ജയ് ഭീം, ജയ് ഭാരത് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നു പൊലീസ്. തനിക്കൊരു സംഘടനുമായും ബന്ധമില്ലെന്ന് നീലം മൊഴി നൽകി. താൻ വിദ്യാർഥിയാണെന്നു പറഞ്ഞ നീലം കർഷകർ, ചെറുകിട കച്ചവടക്കാർ, പാർശ്വവത്കരിക്കപ്പെട്ടവർ തുടങ്ങിയവർക്കുവേണ്ടിയാണു പ്രതിഷേധിക്കുന്നതെന്നും പറഞ്ഞു. താൻ രാജ്യസ്നേഹിയാണെന്നും പ്രതിഷേധിക്കാൻ വന്നതാണെന്നും ലോക്സഭയിൽ കടന്നുകയറിയ ഒരു യുവാവ് പറഞ്ഞതായി എംപിമാർ അറിയിച്ചു.