ന്യൂഡൽഹി: ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വേണ്ടത്ര തെളിവുകളില്ലെന്ന് ഡൽഹി പൊലീസ്. ബ്രിജ് ഭൂഷണിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ കടുത്ത സമരമുറകളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് നയം വ്യക്തമാക്കിയിരിക്കുന്നത്.
ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന കാര്യമായ തെളിവുകൾ ഒന്നും ഇതു വരെ ലഭിച്ചിട്ടില്ല. പതിനഞ്ചു ദിവസത്തിനുള്ള ചാർജ് ഷീറ്റായോ അവസാന റിപ്പോർട്ടായോ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കമുള്ള താരങ്ങൾ നൽകിയ പരാതിയിൽ ബ്രിജ് ഭൂഷണിനെതിരേ പോക്സോ നിയമം അടക്കം ചുമത്തി എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ പൊലീസ് ഇനിയും തയാറായിട്ടില്ല.
കുറ്റാരോപിതൻ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ഇടയില്ലാത്ത പക്ഷം അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതേത്തുടർന്ന് തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള താരങ്ങളുടെ നീക്കത്തെ ഹരിദ്വാറിലെ കർഷകനേതാക്കൾ ഇടപെട്ട് ഒഴിവാക്കിയിരുന്നു.
മരണം വരെ ഇന്ത്യാഗേറ്റിനു മുൻപിൽ നിരാഹാര സമരം നടത്തുമെന്നും താരങ്ങൾ അറിയിച്ചിട്ടുണ്ട്. ഗുസ്തിതാരങ്ങളോടുള്ള പൊലീസ് നിലപാട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.