ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികൾക്ക് ഡൽഹി സർവകലാശാല വിലക്കേർപ്പെടുത്തി. ഒരു വർഷത്തേക്കാണു വിലക്ക്. ഈ കാലയളവിൽ യൂണിവേഴ്സിറ്റി, കോളെജ് പരീക്ഷകൾ എഴുതാൻ അനുവദിക്കില്ല.
ആറോളം വിദ്യാർഥികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു. നിരവധി വിദ്യാർഥികളുടെ മാതാപിതാക്കളെ കോളെജിലേക്കു വിളിപ്പിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡൽഹി സർവകലാശാല അധികൃതർ അറിയിച്ചു.
ആന്ത്രോപോളജി വിഭാഗത്തിൽ പിഎച്ച്ഡി സ്കോളറായ ലോകേഷ് ചുഗ്, രവീന്ദർ എന്നിവരെയാണ് ഒരു വർഷത്തേക്കു വിലക്കിയിരിക്കുന്നത്. ജനുവരി ഇരുപത്തേഴിനാണ് ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്‍ററി ഡൽഹി സർവകലാശാലയിൽ പ്രദർശിപ്പിച്ചത്. പ്രദർശനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഏഴംഗ കമ്മിറ്റിയെ സർവകലാശാല നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.