പറ്റ്ന: അനധികൃത പണമിടപാടുകാരനെതിരേ പൊലീസിൽ പരാതി നൽകിയതിന് ദളിത് സ്ത്രീയെ വിവസ്ത്രയാക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. ബിഹാർ തലസ്ഥാനമായ പറ്റ്നയിലെ ഖുസ്രുപുർ സ്വദേശിയായ വീട്ടമ്മയ്ക്കു നേരേയാണു ക്രൂരത. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികളായ പ്രമോദ് സിങ്, മകൻ അൻഷു സിങ് എന്നിവർ ഒളിവിൽപ്പോയി. പരാതി നൽകിയ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രൂരതയ്ക്ക് ഇരയായ സ്ത്രീയുടെ ഭർത്താവ് 1500 രൂപ വട്ടിപ്പലിശക്കാരനായ പ്രമോദ് സിങ്ങിനോട് വാങ്ങിയിരുന്നു. പലിശയും മുതലും തിരികെ നൽകിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഇയാൾ സമ്മർദം തുടർന്നു. ഇതിനെതിരേ പൊലീസിൽ പരാതി നൽകിയതിനുള്ള പ്രതികാരമായാണ് ആക്രമിച്ചതെന്നു വീട്ടമ്മ പറഞ്ഞു.
പണം നൽകിയില്ലെങ്കിൽ വിവസ്ത്രയാക്കി ഗ്രാമത്തിലൂടെ നടത്തുമെന്നു ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടർന്നാണു വീട്ടമ്മ പരാതി നൽകിയത്. ഇതിൽ രോഷം പൂണ്ട പ്രമോദും മകനും ശനിയാഴ്ച രാത്രി പത്തിന് തന്നെ വീട്ടിൽ നിന്നു പിടിച്ചിറക്കി വടി ഉപയോഗിച്ച് അടിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. വീണു കിടന്ന തന്‍റെ വായിലേക്ക് മൂത്രമൊഴിക്കാൻ പ്രമോദ്, മകനോടു നിർദേശിച്ചെന്നും അയാൾ അങ്ങനെ ചെയ്തെന്നും പരാതിയിലുണ്ട്. കുറ്റക്കാർക്കു കർശന ശിക്ഷ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.