മുരളീധരൻ നൽകിയ മറുപടി മീനാക്ഷി ലേഖിയുടെ പേരിൽ; തിരുത്തി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: ഹമാസുമായി ബന്ധപ്പെട്ട് ലോക്സഭയിൽ വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയെച്ചൊല്ലി വിവാദം. തന്‍റെ പേരില്‍ നല്‍കിയ മറുപടി തന്‍റെ അറിവില്ലാതെയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. എന്നാൽ, മറുപടി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് നല്‍കിയതെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പിഴവ് തിരുത്തിയെന്നു വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.
മുരളീധരനും മീനാക്ഷി ലേഖിയും വിദേശകാര്യ സഹമന്ത്രിമാരാണ്.
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതു കേന്ദ്രസർക്കാരിന്‍റെ പരിഗണനയിലുണ്ടോ എന്നു കെപിസിസി അധ്യക്ഷൻ കൂടിയായ കെ. സുധാകരൻ എംപിയാണു ചോദിച്ചത്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎയുടെ പരിധിയില്‍ വരുന്നതാണെന്നും ബന്ധപ്പെട്ട മന്ത്രാലയമാണ് അത് നിർവഹിക്കേണ്ടതെന്നുമായിരുന്നു മറുപടി. മീനാക്ഷി ലേഖിയുടെ പേരിലാണ് ഈ മറുപടി ലഭിച്ചത്. ഇത് ചർച്ചയായതോടെ താൻ മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. പിന്നാലെ വിദേശകാര്യ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസിനെയും വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയംപെടുത്തിയതായും അവർ പറഞ്ഞു.
എന്നാല്‍ ഹമാസ് വിഷയത്തില്‍ മറുപടി നല്‍കിയത് വിദേശകാര്യസഹമന്ത്രിയായ മുരളീധരനാണെന്നും സംഭവിച്ചത് സാങ്കേതികപ്പിഴവാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രായേല്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.