ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കു ക്ഷണം. 22നാണ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്.
ശ്രീ രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളാണു മുതിർന്ന നേതാക്കളെ നേരിട്ട് ക്ഷണിച്ചത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവർക്കും ക്ഷണമുണ്ട്. സോണിയ ക്ഷണം സ്വീകരിച്ചെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് സ്ഥിരീകരിച്ചു. സോണിയയും കോൺഗ്രസും എല്ലാം പോസിറ്റിവായാണ് കാണുന്നതെന്നു പറഞ്ഞ ദിഗ്വിജയ്, മുൻ അധ്യക്ഷ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നു സൂചിപ്പിച്ചു. സോണിയയ്ക്ക് പങ്കെടുക്കാനായില്ലെങ്കിൽ മറ്റു നേതാക്കളെത്തിയേക്കുമെന്നും ദിഗ്വിജയ്.
ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, ബിഎസ്പി അധ്യക്ഷ മായാവതി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരെയും രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും സദസിനെ അഭിസംബോധന ചെയ്തേക്കും.
മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിയോടും മുരളി മനോഹർ ജോഷിയോടും പ്രായാധിക്യം പരിഗണിച്ച് ചടങ്ങിൽ നിന്നു മാറി നിൽക്കാൻ അഭ്യർഥിച്ചതായി ട്രസ്റ്റ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് ഇരുവരെയും വിഎച്ച്പി നേതൃത്വം നേരിട്ട് ക്ഷണിച്ചു.
രാജ്യത്തെ വിവിധ സന്ന്യാസ സമൂഹങ്ങൾ, വേദ പണ്ഡിതർ തുടങ്ങിയവരെ ട്രസ്റ്റ് നേരത്തേ ക്ഷണിച്ചിരുന്നു. 4000ലേറെ സന്ന്യാസിമാർ പങ്കെടുക്കുമെന്നാണു വിവരം. അതിഥികൾക്കായി തീർഥക്ഷേത്രപുരത്ത് താത്കാലിക താമസസൗകര്യവും ആശുപത്രിയും ഒരുക്കുന്നുണ്ട്. 150 ഡോക്റ്റർമാരെ ഇവിടേക്കു നിയോഗിച്ചു.