ലിപ്സ്റ്റിക് ഇടരുതെന്ന് മേയർ, നിരോധനമുണ്ടെങ്കിൽ ഉത്തരവ് കാണിക്കണമെന്ന് ഉദ്യോഗസ്ഥ; ഒടുവിൽ സ്ഥലം മാറ്റം
ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോൾ വിവാദ വിഷമായിരിക്കുകയാണ് ലിപ്സ്റ്റിക്. ഗ്രേറ്റർ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥയെ ലിപ്സ്റ്റിക് ഇട്ടതിന്‍റെ പേരിൽ സ്ഥലം മാറ്റിയതാണ് പ്രശ്നം.
കോർപ്പറേഷൻ മേയറുടെ അകമ്പടി സംഘത്തിൽ ഉൾപ്പെടുന്ന ദഫേദാർ തസ്തികയിൽ ജോലി ചെയ്തിരുന്ന മാധവി എന്ന സ്ത്രീയാണ് ലിപ്സ്റ്റിക്കിന്‍റെ പേരിൽ നടപടി നേരിട്ടിരിക്കുന്നത്. ഈ കോർപ്പറേഷനിൽ മേയറുടെ അകമ്പടി സംഘത്തിൽ ഉൾപ്പെട്ട ആദ്യ വനിത കൂടിയാണ് മാധവി.
ജോലി സമയത്ത് ലിപ്സ്റ്റിക് ഇട്ടതിന്‍റെ പേരിൽ, മേയർ പ്രിയ രാജന്‍റെ പിഎ ശിവശങ്കറാണ് മാധിവക്ക് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ, ലിപ്സ്റ്റിക് ഇടുന്നതു കുറ്റകരമാണെങ്കിൽ അതിനുള്ള സർക്കാർ ഉത്തരവ് വേണമെന്ന മറുപടിയാണ് മാധവി ഇതിനു നൽകിയത്.
മെമ്മോയ്ക്ക് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന കാരണത്താൽ ഇതേ കോർപ്പറേഷനിലെ മറ്റൊരു സോണിലേക്ക് മാധവിയെ സ്ഥലം മാറ്റുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥിരമായി എത്തുന്ന ഓഫിസ് ആയതിനാൽ, കടും നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്നാണ് മാധവിയോടു പറഞ്ഞിരുന്നതെന്നാണ് മേയർ പ്രിയയുടെ വിശദീകരണം.
വനിതാ ദിനത്തിൽ മാധവി ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തതും വിമർശനങ്ങൾക്കു കാരണമായിരുന്നു എന്നും മേയർ കുറ്റപ്പെടുത്തുന്നു.