ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ 2 പേർ മരിക്കുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരം വീണുണ്ടായ അപകടത്തിലാണ് മരണമുണ്ടായത്.
വെള്ളിയാഴ്ച രാത്രി രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 200-ലധികം താമസക്കാർക്ക് വൈദ്യുതി തടസപ്പെട്ടു. കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മരങ്ങൾ കടപുഴകി വീണതായും വിവരം ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചു. മരങ്ങൾ കടപുഴകി വീണത് പലയിടത്തും ഗതാഗതത്തെ ബാധിച്ചു. ഇടിമിന്നലും ശക്തമായ പൊടിക്കാറ്റ് മൂലം ഡൽഹിയിലേക്കുള്ള 9 വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.
മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ രാത്രി 8 മണിയോടെ അത് ഓറഞ്ച് അലര്‍ട്ടാക്കിയിരുന്നു. രാത്രി 9 മണിയോടെയാണ് കൊടുങ്കാറ്റ് ആരംഭിച്ചത്. രാത്രി 10 മണിക്ക് ഉജ്വയില്‍ 77 കിലോമീറ്റര്‍ വേഗതയിലും പ്രഗതി മൈതാനില്‍ 63 കിലോമീറ്റര്‍ വേഗതയിലും ലോധി റോഡില്‍ 61 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഇതേസമയം, രാജ്യതലസ്ഥാനത്ത് ഇന്നും (മേയ് 11) കൂടുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ തെക്കൻ പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മേഘാലയ, തെക്ക്-കിഴക്കൻ അരുണാചൽ പ്രദേശ്, തെക്ക്-കിഴക്കൻ ആസാം, മണിപ്പൂർ, കർണാടക, കേരളം എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.