ജയ്പുർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊത്തശ്രയുടെ വസതിയിൽ ഇഡി റെയ്ഡ്. ചോദ്യപ്പേപ്പർ ചോർച്ചക്കേസിലാണ് ഇഡി റെയ്ഡ്. കോൺഗ്രസ് അധ്യക്ഷന്‍റെ വസതിക്കു പുറമേ, മഹുവയിൽ നിന്നുള്ള സ്ഥാനാർഥി ഓം പ്രകാശ് ഹുഡ്ലയുടെ വസതിയിലും പരിശോധന നടക്കുന്നുണ്ട്.
ആറിടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. മുൻ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലടക്കം റെയ്ഡ് നടക്കുന്നുണ്ട്. ജയ്പുരിലും സിർകാറിലുമാണ് ദൊത്തശ്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകൻ വൈഭവ് ഗെലോട്ടിനെ വിദേശ നാണ്യ വിനിമയ ചട്ടലംഘനത്തിൽ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമായിരിക്കെയാണ് ഇഡി റെയ്ഡ്. കഴിഞ്ഞയാഴ്ചയും കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇതേ കേസിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് 12 ലക്ഷത്തോളം രൂപയോളം പിടിച്ചെടുത്തിരുന്നു.