ന്യൂഡൽഹി: ആന്ധ്രയിൽ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ വൈഎസ്ആർ കോൺഗ്രസിനെതിരേ പുതിയ ആരോപണവുമായി ടിഡിപി. അഞ്ച് വർഷക്കാലത്ത് ജഗൻ മോഹൻ റെഡ്ഡിക്ക് മുട്ട പഫ്സ് വാങ്ങാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവഴിച്ചത് 3.62 കോടി രൂപയാണെന്നാണ് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആരോപണം. എന്നാൽ സ്നാക്സ് വാങ്ങിയതിനെ ഒന്നടങ്കം മുട്ട പഫ്സായി കാണിച്ച് അപമാനിക്കുകയാണെന്ന് കാട്ടി വൈഎസ്ആർസിപി ആരോപണത്തെ പൂർണമായും തള്ളി. മാധ്യമങ്ങളിൽ ജഗൻ മോഹൻ റെഡ്ഡി ക്കെതിരേ ഉയർന്ന വിമർശനങ്ങൾ വ്യാജ തന്ത്രമാണെന്ന് എക്സ് പ്ലാറ്റ്ഫോമിൽ എടുത്തു കാട്ടിയായിരുന്നു വൈഎസ്ആർസിപിയുടെ പ്രതികരണം.
സാമ്പത്തിക ക്രമക്കേട് അന്വേഷണം നടക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വര്‍ഷവും ശരാശരി 72 ലക്ഷം രൂപ പഫ്സ് വാങ്ങാൻ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയതെന്ന് ഭരണകക്ഷിയായ ടിഡിപി ആരോപിച്ചു. ജഗന്‍റെ ഭരണകാലത്ത് പൊതുപണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായാണ് ആരോപണം. കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാകണമെങ്കില്‍ അതിന്‍റെ വിലവച്ച് പ്രതിദിനം 993 പഫ്‌സുകള്‍ വാങ്ങേണ്ടി വരും. അങ്ങനെയെങ്കിൽ 5 വർഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്സുകളെന്ന് കരുതേണ്ടിവരുമെന്ന് ടിഡിപി ആരോപിക്കുന്നു.