മുണ്ട് ധരിച്ചെത്തിയ വയോധികന് പ്രവേശനം നിഷേധിച്ചു; മാള്‍ അടച്ചിടാന്‍ സർക്കാർ നിര്‍ദേശം

മാൾ ഉടമയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ നേരത്തെ കേസ്
Elderly Man Denied Entry To Bangalore Mall For Wearing Dhoti
മുണ്ട് ധരിച്ചെത്തിയ വയോധികന് പ്രവേശനം നിഷേധിച്ചു; മാള്‍ അടച്ചിടാന്‍ നിര്‍ദേശം
Updated on

ബംഗളൂരു: മകനൊപ്പം മുണ്ട് ധരിച്ചെത്തിയ വയോധികന് മാളിൽ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ കര്‍ശനനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. 7 ദിവസത്തേക്ക് മാള്‍ അടച്ചിടാന്‍ നഗരവികസനമന്ത്രി നിര്‍ദേശിച്ചു. സംഭവത്തിൽ മാൾ ഉടമയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇത്തരമൊരു നടപടിക്ക് നിയമപ്രകാരം വ്യവസ്ഥയുണ്ടെന്ന് നഗരവികസനമന്ത്രി ബൈരതി സുരേഷ് നിയമസഭയില്‍ വ്യക്തമാക്കി. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സർക്കാരിന്‍റെ നടപടി.

കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവിലെ ജിടി മാളിൽ മുണ്ടുടുത്ത് എത്തിയ കര്‍ഷകനായ ഫക്കീരപ്പ മകന്‍ നാഗരാജിനൊപ്പം സിനിമ കാണാന്‍ എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുവക്കുകയായിരുന്നു. മുണ്ടുടുത്ത് വരുന്നവരെ അകത്തേക്ക് കടത്തില്ലെന്നും പാന്‍റ്‌സ് ധരിച്ചാലേ അകത്തേക്ക് പ്രവേശനം അനുവദിക്കാനാകൂവെന്ന് പറഞ്ഞായിരുന്നു പ്രവേശന നിഷേധിച്ചത്.

എന്നാൽ ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ബുധനാഴ്ച മാളിന് മുന്നില്‍ ഫക്കീരപ്പയുമായെത്തി കന്നട സംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായി. പ്രശനം വഷളായതോടെ മാള്‍ അധികൃതര്‍ ഫക്കീരപ്പയോട് പരസ്യമായി ക്ഷമാപണം നടത്തുകയും മാളിനുള്ളില്‍ വച്ച് ആദരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്‍റെ നടപടി.

Trending

No stories found.

Latest News

No stories found.