25,000 ടാക്സികൾക്ക് വാടക നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവിധ ആവശ്യങ്ങളിലായി രണ്ട് ദിവസം മുതല്‍ നാല്‍പ്പത് ദിവസം വരെയാണ് ടാക്‌സി വാഹനങ്ങള്‍ തെരഞ്ഞടുപ്പ് കമ്മീഷന് വേണ്ടി ഓടിയത്.
തെരഞ്ഞെടുപ്പു കമ്മിഷൻ
തെരഞ്ഞെടുപ്പു കമ്മിഷൻ
Updated on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വാടകയിനത്തില്‍ ഓടിയ ടാക്‌സി വാഹനങ്ങള്‍ക്ക് ഇനിയും പണം ലഭിച്ചില്ലെന്ന് പരാതി. സംസ്ഥാനത്തെ ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങളുടെ വാടകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാനുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇരുപത് ലോക്‌സഭാ മണ്ഡലങ്ങലിലേക്കുമായി കമ്മീഷന്‍ വാഹനങ്ങള്‍ വാടകക്ക് എടുത്തത്. വിവിധ ആവശ്യങ്ങളിലായി രണ്ട് ദിവസം മുതല്‍ നാല്‍പ്പത് ദിവസം വരെയാണ് ടാക്‌സി വാഹനങ്ങള്‍ തിരഞ്ഞടുപ്പ് കമ്മീഷന് വേണ്ടി ഓടിയത്.

പോളിംഗ് സാമഗ്രികള്‍ ബൂത്തുകളില്‍ എത്തിക്കാനും തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍ക്കുമാണ് ഏറ്റവും അധികം വാഹനങ്ങള്‍ ആവശ്യമുണ്ടായിരുന്നത്. ഏഴ് സീറ്റ് മുതല്‍ 30 സീറ്റ് വരെയുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കാണ് ഇനി പണം നല്‍കാനുള്ളത്. പ്രതിദിനം പരമാവധി നൂറ് കിലോ മീറ്ററിന് 4400 മുതല്‍ 6500 രൂപ വരെയായിരുന്നു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന വാടക. ഇതിന് പുറമെ 350 രൂപ ബാറ്റയും.

എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വാടക ലഭിച്ചില്ലെന്നും പണം ആവശ്യപ്പെടുമ്പോള്‍ ഉടന്‍ നല്‍കുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നും ടാക്‌സി തൊഴിലാളികള്‍ പറഞ്ഞു. മണ്ഡലങ്ങളിലെ വരണാധികാരികളെ ടാക്‌സി തൊഴിലാളികള്‍ ബന്ധപ്പെട്ടിരുന്നു. പക്ഷെ കമ്മീഷന്‍ നേരിട്ടാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു മറുപടി. ഫയല്‍ മാറാനുള്ള കാലതാമസമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം.

Trending

No stories found.

Latest News

No stories found.