ശ്രീനഗർ: ജമ്മു കശ്മീരിലെ ബട്ടാല്‍ സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുന്നതിനിടെ ചൊവ്വാഴ്ച ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാൻസ് നായിക സുഭാഷ് കുമാറാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം സൈന്യത്തിന് കൈമാറിയതാിയ പൊലീസ് അറിയിച്ചു. പൂഞ്ച് ജില്ലയിലെ ബട്ടാൽ സെക്‌ടറിൽ പകല്‍ മുഴുവന്‍ ഭീകരരുമായി ഇടയ്ക്കിടെയുണ്ടായ വെടിവയ്പിനെ തുടര്‍ന്ന് സൈന്യം, പോലീസ്, സിആര്‍പിഎഫ്, വില്ലേജ് ഡിഫന്‍സ് ഗ്രൂപ്പ് (വിഡിജി) സംയുക്ത സംഘം പ്രദേശം വളഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൗണ്ടര്‍ ഓപ്പറേഷന്‍സ് ഇപ്പോഴും തുടരുകയാണെന്ന് മിലിട്ടറിയുടെ വൈറ്റ് നൈറ്റ് കോര്‍പ്സ് എക്സില്‍ സ്ഥിരീകരിച്ചു. ഭീകരരുടെ ഭാഗത്തും ആൾനാശമുണ്ട്.
കഴിഞ്ഞ ദിവസം രജൗരി ജില്ലയില്‍ സൈനിക പോസ്റ്റിനും വില്ലേജ് ഡിഫന്‍സ് ഗ്രൂപ്പ് അംഗത്തിന്‍റെ വീടിനും നേരെയുണ്ടായ ഇരട്ട ഭീകരാക്രമണം സുരക്ഷാ സേന തടയുന്നതിനിടെ ഒരു സൈനികനും ഒരു സിവിലിയനും പരിക്കേറ്റിരുന്നു. മൂന്ന് പാക് ഭീകരരാണ് സൈനിക ക്യാമ്പ് ആക്രമിച്ചത്. വിഡിജി അംഗത്തിന്‍റെ വീടിന് നേരെയാണ് ഭീകരര്‍ ആദ്യം വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചപ്പോള്‍ ഭീകരർ ഗ്രനേഡ് എറിഞ്ഞു. പിന്നാലെ പ്രദേശത്ത് പുതുതായി സ്ഥാപിച്ച സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടർന്ന് വീണ്ടും വെടിവയ്പ്പുണ്ടായി. ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി കരുതുന്നു. പരിക്കേറ്റ സൈനികനെയും സിവിലിയനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ ജമ്മു മേഖലയില്‍ 15 ഭീകരാക്രമണങ്ങളുണ്ടായി, രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരും 9 തീർഥാടകരും കൊല്ലപ്പെട്ടു. 58 പേര്‍ക്ക് പരിക്കേറ്റു.