''ഇന്ത്യയിലെ ഇവിഎം ബ്ലാക്ക് ബോക്സ്, ആർക്കും പരിശോധിക്കാൻ അനുവാദമില്ല'', മസ്കിനെ പിന്തുണച്ച് രാഹുൽ

സർക്കാർ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതാകുന്നതോടെ ജനാധിപത്യം വഞ്ചിക്കപ്പെടുന്നുവെന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിരിക്കുന്നത്
രാജീവ് ചന്ദ്രശേഖർ, രാഹുൽ ഗാന്ധി, ഇലോൺ മസ്ക്
രാജീവ് ചന്ദ്രശേഖർ, രാഹുൽ ഗാന്ധി, ഇലോൺ മസ്ക്
Updated on

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെതിരേയുള്ള ആരോപണത്തിൽ സ്പേസ് എക്സ് മേധാവിയും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്കിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഇവിഎം ബ്ലാക് ബോക്സിനു തുല്യമാണ്. ആർക്കും പരിശോധിക്കാൻ അനുവാദമില്ല. ഇപ്പോഴിതാ തെരഞ്ഞെടുപ്പിന്‍റെ സുതാര്യതയെ ചോദ്യം ചെയ്യും വിധമുള്ള ഗുരുതരമായ പരാതികൾ ഉയർന്നിരിക്കുന്നു.

സർക്കാർ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലാതാകുന്നതോടെ ജനാധിപത്യം വഞ്ചിക്കപ്പെടുന്നുവെന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിരിക്കുന്നത്. മുംബൈ നോർത്ത് വെസ്റ്റിൽ നിന്നുള്ള ശിവസേന ( ഷിൻഡെ വിഭാഗം) എംപി രവീന്ദ്ര വയ്ക്കർ ഇവിഎം അൺലോക്ക് ചെയ്യാൻ ഫോൺ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാർത്തയും രാഹുൽ ഗാന്ധി പങ്കു വച്ചിട്ടുണ്ട്.

വയ്ക്കറിന്‍റെ ബന്ധുവായ മങ്കേഷ് പണ്ടിൽക്കർ ഫോൺ ഉപയോഗിച്ച് ഇവിഎം അൺലോക്ക് ചെയ്തുവെന്ന് സ്വതന്ത്ര സ്ഥാനാർഥി പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് റിട്ടേണിങ് ഓഫിസർ പൊലീസിനെ സ്ഥാനിച്ചത്. മണ്ഡലത്തിൽ 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയ്ക്കർ വിജയിച്ചത്.

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താനുള്ള സാധ്യത ഏറിയതിനാൽ മെഷീനുകൾ ഒഴിവാക്കണമെന്ന് ഇലോൺ മസ്ക് കുറിച്ചിരുന്നു. ഇന്ത്യയിലെ വോട്ടിങ് മെഷീനുകളിൽ ഇത്തരത്തിൽ കൃത്രിമം ചെയ്യാൻ സാധിക്കില്ലെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അതിനു പിന്നാലെയാണ് മസ്കിന് അനുകൂലമായി രാഹുൽ ഗാന്ധിയുടെ പോസ്റ്റ്.

Trending

No stories found.

Latest News

No stories found.