മുംബൈ: സ്വത്തിന്‍റെ ഒരു ഭാഗം വളർത്തുനായ ടിറ്റോയ്ക്കും അടുത്ത സുഹൃത്ത് ശന്തനുവിനും പാചകക്കാരനും എഴുതി വച്ച് രത്തൻ ടാറ്റ. ജർമൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട ടിറ്റോയെ പാചകക്കാരനാട രാജൻ ഷാ സംരക്ഷിക്കണമെന്നും വിൽപ്പത്രത്തിലുണ്ട്. ഒക്റ്റോബർ 9ന് അന്തരിച്ച രത്തൻ ടാറ്റയ്ക്ക് പതിനായിരം കോടിയോളം രൂപയുടെ ആസ്തിയാണുള്ളത്. സഹോദരൻ ജിമ്മി ടാറ്റ, അർധസഹോദരിമാരായ ഷിറിൻ, ഡീന്ന ജെജീഭോയ് എന്നിവർക്കും സ്വത്തിന്‍റെ വിഹിതങ്ങൾ എഴുതി വച്ചിട്ടുണ്ട്.
ടാറ്റ സൺസ് മുൻ ചെയർമാനായ രത്തൻ ടാറ്റ ഇമെരിറ്റസ് ചെയർമാനായിരിക്കേയാണ് മരണപ്പെട്ടത്. ടാറ്റയുടെ മുംബൈയിലുള്ള വീടുകളും 350 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ടാറ്റ സൺസിലെ ഓഹരികളും രത്തൻ ടാറ്റ ഫൗണ്ടേഷന് കൈമാറും.
മുപ്പതോളം ആഡംബര കാറുകൾ ടാറ്റ ഗ്രൂപ്പിന്‍റെ പൂനെയിലെ മ്യൂസിയത്തിലേക്ക് മാറ്റും. അവാർഡുകളും മറ്റു ബഹുമതിപത്രങ്ങളും ടാറ്റ സെൻട്രൽ ആർക്കൈവ്സിലേക്ക് മാറ്റും.