ന്യൂഡൽഹി: കർഷക സമരത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിരസിച്ചു. പഞ്ചാബ് സർക്കാരിന്‍റെ സഹായം സ്വീകരിക്കില്ലെന്ന് ഖനൗരിയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കർഷകന്‍റെ കുടുംബം വ്യക്തമാക്കി.
ശുഭ്കരൺ സിങ് എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ കുടുംബമാണ് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ ധനസഹായം നിരസിച്ചത്. തങ്ങൾക്ക് വേണ്ടത് നീതിയാണെന്നും മകന്‍റെ ജീവനു പകരം വയ്ക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും കുടുംബം പറഞ്ഞു. കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നും ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പറഞ്ഞിരുന്നു.
ബുധനാഴ്ചയാണ് പഞ്ചാബ്- ഹരിയാന അതിർത്തിയിലെ ഖനൗരിയിലെ പൊലീസ് നടപടിയിൽ ശുഭ്കരൺ സിങ്ങ് മരിച്ചത്. ടിയർ ഗ്യാസ് ഷെല്ല് പതിച്ച് തലയ്‌ക്ക് പരിക്കേറ്റായിരുന്നു മരണം. ഇതിന് ഉത്തരവാദിയായ ഹരിയാന പൊലീസുകാർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കാതെ സംസ്‌കാരം നടത്തില്ലെന്നാണ് കർഷകർ അറിയിച്ചിരുന്നു. ശംഭു അതിർത്തിയിലെ പൊലീസ് നടപടിയിൽ പരിക്കേറ്റ ഭട്ടിൻഡ സ്വദേശി ദർശൻ സിങ്ങും ഇന്നലെ മരണമടഞ്ഞിരുന്നു.