ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമരം കർഷക സംഘടനകൾ മാറ്റിവച്ചു

ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമരം കർഷക സംഘടനകൾ മാറ്റിവച്ചു

ജന്തർ മന്തറിൽ ജൂൺ ഒമ്പതിന് നടത്താനിരുന്ന പ്രതിഷേധ മാർച്ചാണ് മാറ്റിവച്ചത്.
Published on

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ‌ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റി വയ്ക്കാന്‍ ഭാരതീയ കിസാൻ യൂണിയനും (ബികെയു) മറ്റ് ഖാപ് നേതാക്കളും തീരുമാനിച്ചു. ഡൽഹി അതിർത്തികൾ വളഞ്ഞുകൊണ്ട് ജന്തർ മന്തറിൽ ജൂൺ ഒമ്പതിന് നടത്താനിരുന്ന പ്രതിഷേധ മാർച്ചാണ് മാറ്റിവച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി ഗുസ്തി താരങ്ങൾ ചർച്ച തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ച് പിൻവലിക്കാന്‍ തീരുമാനിച്ചതെന്ന് ബികെയു നേതാവ് രാകേഷ് ടികായിത് പറഞ്ഞു. താരങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ഗുസ്തി താരങ്ങളും സർക്കാരും തമ്മിലുള്ള ചർച്ചയുടെ ഫലത്തെ ആശ്രയിച്ചായിരിക്കും പ്രതിഷേധം നടത്തണോ എന്നുള്ള ആലേചന എന്നും അദ്ദേഹം വ്യക്തമാക്കി.

ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമരം കർഷക സംഘടനകൾ മാറ്റിവച്ചു
ഗുസ്തിക്കാരെ മലർത്തിയടിക്കുന്ന 'ചാണക്യ തന്ത്രം'

ഇതിനിടെ, ബ്രിജ് ഭൂഷൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പ്രായപൂർത്തിയാകാത്തെ പെൺകുട്ടി പിൻവലിച്ചിരുന്നു. സമരം ചെയ്തിരുന്ന താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയതിനു ശേഷമാണ് താരം ആദ്യമൊഴി പിൻവലിച്ചിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നൽകിയിരുന്നത്. ഈ മൊഴികൾ പിൻവലിച്ച് ഐപിസി 164 പ്രകാരം പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ പുതിയ രഹസ്യമൊഴി നൽകി. ഈ മൊഴി പ്രകാരമായിരിക്കും ഇനി കേസ് മുന്നോട്ടു പോകുക.

അമിത് ഷായുമായി ചർച്ച നടത്തി അടുത്ത ദിവസം തന്നെ സർക്കാർ ജോലിയുള്ള താരങ്ങളെല്ലാം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ, സമരം അവസാനിപ്പിച്ചിട്ടില്ലെന്നാണ് ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് അന്നു ട്വീറ്റ് ചെയ്തിരുന്നത്.