ഉത്തരകാശി: ഖനന യന്ത്രം പരാജയപ്പെട്ടിടത്ത് മനുഷ്യപ്രയത്നം വിജയിച്ചപ്പോൾ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ സന്തോഷം വാക്കുകളിൽ വിവരിക്കാനാകാത്തതെന്ന് രക്ഷാമാർഗം തുരന്നു തുറന്ന ഫിറോസ് ഖുറേഷിയും മോനുകുമാറും. റാറ്റ് ഹോള്‍ ഖനന സാങ്കേതിക വിദ്യയില്‍ വിദഗ്‌ധരായ ഇരുവരുമാണ് ഓഗർ മെഷീൻ തകർന്നപ്പോൾ അവശേഷിച്ച 10 മീറ്റർ തുരന്നത്.
തുരങ്കാവശിഷ്‌ടങ്ങളുടെ അവസാന ഭാഗത്ത് എത്തിയപ്പോള്‍ തന്നെ തങ്ങള്‍ക്ക് തൊഴിലാളികള്‍ പറയുന്നത് കേള്‍ക്കാമായിരുന്നെന്നു ഖുറേഷി. അവശിഷ്‌ടം നീക്കിയശേഷം ഞങ്ങള്‍ മറുവശത്തേക്ക് ഇറങ്ങിയപ്പോൾ തൊഴിലാളികൾ ഞങ്ങളെ കെട്ടിപ്പിടിച്ചു. ചിലർ തോളിലേറ്റി. അവരെക്കാൾ സന്തോഷമായിരുന്നു ഞങ്ങൾക്ക് -ഖുറേഷി പറഞ്ഞു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോക്ക്‌വെല്‍ എന്‍റര്‍പ്രൈസസിലെ ടണലിങ് വിദഗ്‌ധനാണ് ഡല്‍ഹിയില്‍ നിന്നുള്ള ഖുറേഷി.
തൊഴിലാളികൾ ബദാം നൽകിയാണ് സ്നേഹം പ്രകടിപ്പിച്ചതെന്നു യുപി സ്വദേശിയായ മോനുകുമാർ പറഞ്ഞു. റാറ്റ് ഹോള്‍ മൈനിങ്ങില്‍ വൈദഗ്‌ധ്യം ഉള്ള 12 അംഗ സംഘമാണ് സില്‍ക്യാരയില്‍ രക്ഷകരായത്. കരസേനയുടെ എൻജിനീയറിങ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു ഇവരുടെ പ്രവർത്തനം.