ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഇന്നും നാളെയും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 26ന് പുതിയ ലോക്സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ്. 27ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിന് രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിലെ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുന്നതോടെ ആദ്യ സമ്മേളനം സമാപിക്കും. വൈകാതെ ബജറ്റ് സമ്മേളനത്തിനായി സഭ വീണ്ടും ചേരും.
രണ്ടു ടേമായി തനിച്ചു കേവല ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയും പ്രധാനമന്ത്രി മോദിയും സഖ്യത്തെ ആശ്രയിച്ചെത്തുന്നുവെന്നതാണ് പതിനെട്ടാം ലോക്സഭയെ ശ്രദ്ധേയമാക്കുന്നത്. ശക്തമായ പ്രതിപക്ഷത്തെയാണ് ഇത്തവണ സർക്കാരിന് നേരിടേണ്ടത്. പ്രോടേം സ്പീക്കറായി ബിജെപിയുടെ ഭർതൃഹരി മഹ്തബ് ഇന്നു രാവിലെ രാഷ്‌ട്രപതി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് 11ന് ചേരുന്ന സഭയിൽ മറ്റ് അംഗങ്ങൾ പ്രോടെം സ്പീക്കർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും.
പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പട്ടികയിലെ അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ്, ടി.ആർ. ബാലു, സുദീപ് ബന്ദോപാധ്യായ, രാധാമോഹൻ സിങ്, ഫാഗൻ സിങ് കുലസ്തെ എന്നിവരാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എന്നാൽ, എട്ടു തവണ സഭാംഗമായ കൊടിക്കുന്നിലിനെ അവഗണിച്ച് ഏഴു തവണ മാത്രം എംപിയായ മഹ്തബിന് പ്രോടേം സ്പീക്കർ സ്ഥാനം നൽകിയെന്ന് ആരോപിച്ച് കോൺഗ്രസും പ്രതിപക്ഷ സഖ്യവും നിസഹകരണത്തിനുള്ള നീക്കത്തിലാണ്. കൊടിക്കുന്നിലും ബാലുവും ബന്ദോപാധ്യായയും പ്രോടേം സ്പീക്കറെ സഹായിക്കുന്നതിൽ നിന്നു മാറിനിൽക്കുമെന്നാണു സൂചന.
കോൺഗ്രസിനെ അനുനയിപ്പിക്കാൻ പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജു ഇന്നലെ രാത്രിയും ശ്രമം തുടർന്നു. പ്രോടേം സ്പീക്കറുടെ നിയമനത്തിന് പ്രത്യേക നിയമമില്ല, കീഴ്‌വഴക്കം മാത്രമാണുള്ളതെന്ന് റിജിജു പറഞ്ഞു. പ്രതിപക്ഷം അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും റിജിജു. മഹ്തബ് തുടർച്ചയായി ഏഴു തവണ എംപിയായിരുന്നെന്നും കൊടിക്കുന്നിലിന്‍റെ ലോക്സഭാ ടേമിൽ പരാജയത്തെത്തുടർന്ന് ഇടവേളകളുണ്ടായെന്നുമാണ് പ്രോടേം സ്പീക്കർ സ്ഥാനം നൽകാത്തതിൽ സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ, ദളിത് വിഭാഗത്തിൽപ്പെട്ട നേതാവായതിനാലാണു കൊടിക്കുന്നിലിനെ തഴഞ്ഞതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.