ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടം വോട്ടെടുപ്പു നടക്കുന്ന 102 മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു. ഏപ്രിൽ 19നാണ് ഈ മണ്ഡലങ്ങളിൽ പോളിങ് നടക്കുക. രണ്ടാം ഘട്ടത്തിൽ 88 പാർലമെന്‍ററി സീറ്റുകളിലേക്കു നടക്കുന്ന വോട്ടെടുപ്പിനുള്ള പത്രികാ സമർപ്പണം ആരംഭിച്ചിട്ടുമുണ്ട്. ഏപ്രിൽ 26നാണ് ഈ സീറ്റുകളിലെ ജനവിധി നിർണയിക്കുന്നത്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഇത്രയുമെത്തിയിട്ടും പ്രതിപക്ഷ "ഇന്ത്യ' സഖ്യത്തിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. അങ്കത്തട്ടിൽ വളരെ മുന്നിലാണു ബിജെപി. ആളും അർഥവും അധികാരവും എല്ലാം അവർക്കുണ്ട്. ചിട്ടയായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട പാർട്ടി സംവിധാനങ്ങളുണ്ട്. ആവേശഭരിതരായ അണികളുണ്ട്, പ്രവർത്തകരുണ്ട്. നരേന്ദ്ര മോദിയുടെ മൂന്നാം ടേം ഉറപ്പിച്ചാണ് അവർ മുന്നോട്ടുപോകുന്നത്.
ഇനിയൊരു വട്ടം കൂടി ബിജെപി സർക്കാർ അധികാരത്തിലേറിയാൽ തങ്ങളുടെ അവസ്ഥ എന്താവും എന്ന ആശങ്ക മുഴുവൻ പ്രതിപക്ഷ കക്ഷികൾക്കുമുണ്ട്. ഇന്ത്യ സഖ്യത്തെക്കുറിച്ചുള്ള ആലോചനകൾ ഉണ്ടാകുന്നതു തന്നെ അതിൽ നിന്നാണ്. പക്ഷേ, ഈ അവസാന മണിക്കൂറുകളിലും ഒത്തൊരുമിച്ചുള്ള പോരാട്ടത്തിനു സജ്ജമായിട്ടില്ല പ്രതിപക്ഷ മുന്നണി എന്നത് എത്ര ദയനീയമായ അവസ്ഥയാണ്. ഈയൊരു സന്ദേശമാണ് അവർ വോട്ടർമാർക്കു നൽകുന്നതെങ്കിൽ എങ്ങനെയാണ് ബിജെപിയെ പരാജയപ്പെടുത്തുക. നാൽപ്പത്തെട്ടു ലോക്സഭാ സീറ്റുകളാണ് മഹാരാഷ്‌ട്രയിലുള്ളത്. കഴിഞ്ഞ തവണ അതിൽ നാൽപ്പത്തൊന്നും നേടിയത് എൻഡിഎ ആയിരുന്നു. ബിജെപിക്ക് 23, ശിവസേനയ്ക്ക് 18. യുപിഎയ്ക്കു കിട്ടിയത് അഞ്ചു സീറ്റു മാത്രം. അതിൽ നാലും എന്‍സിപിക്കും ഒന്നു കോൺഗ്രസിനും. ഇത്തവണ എൻസിപിയും ശിവസേനയും പിളർന്ന് ബിജെപി പക്ഷത്തും പ്രതിപക്ഷത്തുമായി നിൽക്കുന്ന പുതിയ രാഷ്‌ട്രീയ സാഹചര്യമാണ്. ശരദ് പവാറിന്‍റെ എന്‍സിപി വിഭാഗവും ഉദ്ധവ് താക്കറെയുടെ ശിവസേനാ വിഭാഗവും കോൺഗ്രസിനൊപ്പം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്‍റെ എൻസിപിയും ബിജെപിയോടൊപ്പവും.
ഈ ശക്തിപരീക്ഷണത്തിനിടയിലും പ്രതിപക്ഷ മുന്നണിയിലെ വടംവലി അവസാനിച്ചിട്ടില്ല. 17 മണ്ഡലങ്ങളിലേക്ക് ഉദ്ധവ് താക്കറെ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ ഇടഞ്ഞിരിക്കുകയാണു കോൺഗ്രസ് ഇപ്പോൾ. പാർട്ടി അവകാശവാദമുന്നയിക്കുന്ന സാംഗ്ലി, മുംബൈ സൗത്ത് സെൻട്രൽ മണ്ഡലങ്ങളിലേക്കും താക്കറെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് കോൺഗ്രസിനെ പ്രകോപിപ്പിക്കുന്നത്. സാംഗ്ലിക്കു പകരം കോൺഗ്രസിനു കോലാപ്പുർ കൊടുത്തു എന്നാണ് താക്കറെയുടെ പാർട്ടി പറയുന്നത്. താക്കറെയുടെ ശിവസേന പത്തൊമ്പതു സീറ്റിലും കോൺഗ്രസ് 16 സീറ്റിലും ശരദ് പവാറിന്‍റെ എന്‍സിപി ഒമ്പതു സീറ്റിലും മത്സരിക്കുമെന്ന് ഏതാനും ദിവസം മുൻപ് ധാരണയായിരുന്നു. നാലു സീറ്റുകളിൽ തർക്കം നിലനിന്നു. അതിൽ ഉൾപ്പെട്ടതാണ് സാംഗ്ലിയും മുംബൈ സൗത്ത് സെൻട്രലും. താക്കറെ ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ മോശമാവുകയാണ്.
ശിവസേനയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് കോൺഗ്രസിന്‍റെ മുൻ എംപി സഞ്ജയ് നിരുപം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മുംബൈ നോർത്ത് വെസ്റ്റിൽ മത്സരിക്കാൻ സഞ്ജയ് നിരുപത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ആ മണ്ഡലത്തിൽ താക്കറെയുടെ സ്ഥാനാർഥിയാണു മത്സരിക്കുന്നത്. ഇതിന്‍റെ വിരോധവും നിരുപത്തിനുണ്ടെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ചർച്ചകൾ നടക്കുമ്പോൾ തന്നെ താക്കറെ ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തൊറാട്ടും പ്രകടിപ്പിച്ചിട്ടുണ്ട്. ആരു വിട്ടുവീഴ്ചയ്ക്കു തയാറാവുമെന്ന് കാണാനിരിക്കുകയാണ്.
ദീർഘകാലം കോൺഗ്രസിന്‍റെ കോട്ടയായിരുന്നു സാംഗ്ലി. എന്നാൽ, 2014ലും 19ലും ബിജെപിയുടെ സഞ്ജയ്കാകാ പാട്ടീലാണ് ഇവിടെ ജയിച്ചത്. താൻ ബിജെപിയുടെ എംപിയായതിനാൽ ഇഡി പിന്നാലെ വരില്ലെന്ന പ്രസ്താവനയിലൂടെ വിവാദമുയർത്തിയ നേതാവാണ് സഞ്ജയ് പാട്ടീൽ. ഗുസ്തി താരം ചന്ദ്രഹാർ പാട്ടീലിന് സാംഗ്ലി നൽകുമെന്ന് ഉദ്ധവ് താക്കറെ ഏതാനും ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു. അതു യാഥാർഥ്യമാക്കുകയാണ് അവർ. ശിവസേന ഷിൻഡെ വിഭാഗത്തിലെ രാഹുൽ ഷെവാലെയാണ് ഇപ്പോൾ മുംബൈ സൗത്ത് സെൻട്രലിലെ എംപി. മുൻ മന്ത്രി വർഷ ഗെയ്ക്ക്‌വാദിനെ ഇവിടെ സ്ഥാനാർഥിയാക്കാനായിരുന്നു കോൺഗ്രസ് ശ്രമം. അതിനാണു ശിവസേനയുടെ നീക്കം തടസമായത്. താക്കറെയുടെ ശിവസേനയുമായുള്ള തർക്കങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ കോൺഗ്രസിനു കഴിയുന്നില്ലെങ്കിൽ മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ മുന്നണിയെ മാത്രമല്ല അതു ബാധിക്കുക. ഇന്ത്യ മുന്നണിയിലെ പ്രശ്നങ്ങളുടെ ഭാഗമായി അത് ഉയർന്നു നിൽക്കും. തർക്കം പരിഹരിച്ചാൽ പോലും മഹാരാഷ്‌ട്രയിലെ അണികൾക്കും പ്രവർത്തകർക്കും ഇടയിലുണ്ടാകുന്ന അകൽച്ച വിജയസാധ്യതയെ ബാധിക്കും. പ്രചാരണം കൊഴുക്കേണ്ട സമയത്ത് പാർട്ടികൾ തമ്മിലുള്ള തർക്കങ്ങളിൽ പെട്ട് മുന്നണിയുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്. അതു നേതാക്കൾ കാര്യമാക്കുന്നില്ല എന്നതാണു നിർഭാഗ്യകരം. ബിജെപി ഇതര കക്ഷികളുടെ കേന്ദ്ര ഭരണം വരണമെന്നു മോഹിക്കുന്ന മുഴുവൻ ആളുകളെയും നിരാശപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് പ്രതിപക്ഷത്തെ നേതാക്കൾ.
മഹാരാഷ്‌ട്രയിൽ മാത്രമല്ല ഝാർഖണ്ഡിലും സഖ്യത്തിൽ കല്ലുകടിയായിട്ടുണ്ട്. കോൺഗ്രസുമായുള്ള സീറ്റ് പങ്കിടൽ ഫോർമുല തള്ളിക്കളയുകയാണെന്ന് ജെഎംഎം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ പറഞ്ഞതായി ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തു. കോൺഗ്രസ് ഏഴും ജെഎംഎം അഞ്ചും ആർജെഡിയും ഇടതും ഒന്നുവീതവും സീറ്റുകളിൽ മത്സരിക്കാനാണ് ധാരണയെന്നു കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ ഫോർമുലയെക്കുറിച്ച് അറിയില്ലെന്നാണത്രേ ജെഎംഎം നേതാവ് പറയുന്നത്! കഴിഞ്ഞ രണ്ടു തവണയും കോൺഗ്രസ് തോറ്റ ലോഹാർദഗ മണ്ഡലം ജെഎംഎം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ സംസ്ഥാനത്തെ പതിനാലിൽ പന്ത്രണ്ടു സീറ്റുകളും എന്‍ഡിഎയാണു കരസ്ഥമാക്കിയത്. കോൺഗ്രസും ജെഎംഎമ്മും ഓരോ സീറ്റിലാണു വിജയിച്ചത്. ബിജെപിയുടെ സീറ്റുകൾ നേടിയെടുക്കാൻ ഒത്തുപിടിക്കേണ്ട സമയമാണ് തർക്കങ്ങളിൽ മുഴുകി നഷ്ടപ്പെടുത്തുന്നത്.