കോൽക്കത്ത: ശ്വാസതടസത്തെത്തുടർന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് എഴുപത്തൊമ്പതുകാരനായ ഭട്ടാചാര്യയെ കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. രക്തത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി താഴ്ന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ശ്വസിക്കുന്നതെന്നും ആശുപത്രി അധികൃതർ.
ക്രിട്ടിക്കൽ കെയർ യൂണിറ്റിലുള്ള ഭട്ടാചാര്യ ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. ഭാര്യ മീര ഭട്ടാചാര്യയും മകൾ സുചേതന ഭട്ടാചാര്യയും ആശുപത്രിയിലുണ്ട്. 2000- 2011 കാലത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം ഏറെക്കാലമായി പൊതുരംഗത്തു നിന്നു വിട്ടുനിൽക്കുകയാണ്. 2015ൽ സിപിഎം പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നിന്ന് പടിയിറങ്ങിയിരുന്നു. 2018ൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ഉപേക്ഷിച്ചു.