ആശുപത്രിയിൽ കുടിക്കാന്‍ വെള്ളത്തിന് പകരം നൽകിയത് സ്പിരിറ്റ്; 9 വയസുകാരി മരിച്ചു

എന്നാൽ കുട്ടിയുടെ മരണത്തിനും സ്പിരിറ്റിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ആശുപത്രിയിൽ കുടിക്കാന്‍ വെള്ളത്തിന് പകരം നൽകിയത് സ്പിരിറ്റ്; 9 വയസുകാരി മരിച്ചു
Updated on

ചെന്നൈ: തമിഴ്നാട്ടിലെ ആശുപത്രിയിൽ വെള്ളത്തിന് പകരം അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായ 9 വയസുകാരി മരിച്ചു. മധുരെയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോൾ അമ്മ സമീപത്തുള്ള കുപ്പി എടുത്ത് കുടിക്കാന്‍ കൊടുക്കുകയായിരുന്നു. നഴ്സുമാർ സ്പിരിറ്റ് അലക്ഷ്യമായി സൂക്ഷിച്ചതാണ് മകളുടെ അവസ്ഥയ്ക്ക് കാരണമായതെന്നാണ് അമ്മയുടെ ആരോപണം.

വൃക്ക രോഗത്തിന് ചികിത്സയ്ക്കായി എത്തിയ 9 വയസുകാരി അഗല്യ ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി കുഞ്ഞ് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ മൂന്നാമത്തെ ഡയാലിസിന് ശേഷം എത്തിച്ച പെൺകുട്ടിക്ക് രക്തസമ്മർദ്ദം ഉയരുകയും അപസ്മാരം ഉണ്ടാവുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടിയുടെ അമ്മ കട്ടിലിനടുത്തുള്ള കുപ്പിയിലേത് വെള്ളമെന്ന് തെറ്റിദ്ധരിച്ച് കുടിക്കാനായി നൽകിയത്. എന്നാൽ ഇതിനുപിന്നാലെ ആരോഗ്യ നില വഷളാവുകയും തീവ്രപരിചരണം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ നഴ്സിന്‍റെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാൽ കുട്ടിയുടെ മരണത്തിനും സ്പിരിറ്റിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലച്ചോറിലെ ധമനികൾ പൊട്ടിയതിനെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വൃക്ക സംബന്ധമായ അസുഖമായതുകൊണ്ട് കുടിക്കുന്ന വെള്ളത്തിന് പരിധി നിശ്ചയിച്ചിരുന്നു. അതുകൊണ്ടു തന്നെ കുറഞ്ഞ അളവാണ് കുടിച്ചത്. കൂടാതെ സ്പിരിറ്റ് കുടിച്ചയുടന്‍ തന്നെ അത് തുപ്പി കളഞ്ഞതായും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തള്ളകുളം പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.