സെന്തിൽ ബാലാജിയെ ഗവർണർ മന്ത്രിസഭയിൽ നിന്നു പുറത്താക്കി; കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍

മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു
സെന്തിൽ ബാലാജിയെ 
ഗവർണർ മന്ത്രിസഭയിൽ നിന്നു പുറത്താക്കി; കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍
Updated on

ചെന്നൈ: ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മന്ത്രി വി. സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ ആർ.എൻ. രവി സംസ്ഥാന മന്ത്രിസഭയിൽ നിന്നു പുറത്താക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചര്‍ച്ച നടത്താതെയാണ് ഈ നടപടി. ഇതോടെ തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമായി.

മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. ഗവര്‍ണറുടെ ഈ അസാധാരണ നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.

കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും തമിഴ്നാട് രാജ്ഭവൻ്റെ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തമിഴ്നാട് മന്ത്രിസഭയിൽ തുടരുകയായിരുന്നു സെന്തിൽ ബാലാജി.

വിഡിയോ കോൺഫറൻസ് വഴി ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഇന്നലെ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടുകയായിരുന്നു. 18 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ജൂൺ 13നാണു സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.