ജൂൺ 25 ഇനി മുതൽ ഭരണഘടനാഹത്യാ ദിനം

ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി
ജൂൺ 25  ഇനി മുതൽ ഭരണഘടനാഹത്യാ ദിനം
ജൂൺ 25 ഇനി മുതൽ ഭരണഘടനാഹത്യാ ദിനം
Updated on

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ വാർഷികമായ ജൂൺ 25 ഇനിയുള്ള വർഷങ്ങളിൽ "ഭരണഘടനാ ഹത്യാ ദിനം' (സംവിധാൻ ഹത്യാ ദിവസ്) ആയി ആചരിക്കുമെന്നു കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. 1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ചവിട്ടിമെതിക്കപ്പെടുമ്പോൾ എന്തു സംഭവിക്കും എന്നതിന്‍റെ ഓർമപ്പെടുത്തലായി ഭരണഘടനാ ഹത്യാ ദിനം മാറുമെന്നു കേന്ദ്ര സർക്കാർ. രാജ്യത്തിന്‍റെ ചരിത്രത്തിന് കോൺഗ്രസ് സമ്മാനിച്ച ഇരുണ്ട ഘട്ടത്തിൽ കെടുതികൾ അനുഭവിക്കേണ്ടി വന്നവർക്കുള്ള ആദരവു കൂടിയാണിതെന്നും കേന്ദ്രം.

അടിയന്തരാവസ്ഥയിൽ മനുഷ്യത്വവിരുദ്ധമായ നടപടികൾ ഏറ്റുവാങ്ങേണ്ടിവന്നവരുടെ മഹത്തായ സംഭാവനകളെ ആദരിക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അടിച്ചമർത്തൽ നയമായി സ്വീകരിച്ച സർക്കാരിന്‍റെ പീഡനങ്ങൾ നേരിട്ടുകൊണ്ട് ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാൻ സമരം നടത്തിയ ലക്ഷക്കണക്കിനാളുകൾക്കുള്ള ആദരമാണ് ഇതെന്നും അദ്ദേഹം.

മോദി സർക്കാർ ഭരണഘടന അട്ടിമറിക്കുമെന്ന കോൺഗ്രസിന്‍റെയും പ്രതിപക്ഷ സഖ്യത്തിന്‍റെയും ആരോപണങ്ങൾക്കുള്ള രാഷ്‌ട്രീയമായ മറുപടിയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ "ഇന്ത്യ' സഖ്യത്തിന്‍റെ പ്രധാന പ്രചാരണം ഭരണഘടനയെ കേന്ദ്രീകരിച്ചായിരുന്നു. എംപിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭരണഘടനയുടെ പകർപ്പ് ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി ഈ പ്രചാരണം ആവർത്തിച്ചു.

Trending

No stories found.

Latest News

No stories found.