ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ പ്രതിഷേധം തുടരുന്ന ദേശീയ ഗുസ്തി താരങ്ങളെ കേന്ദ്ര സർക്കാർ ചർച്ചയ്ക്കു ക്ഷണിച്ചു. രാത്രി വൈകി പോസ്റ്റ് ചെയ്ത ട്വീറ്റിൽ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താരങ്ങൾ കൂടിക്കാഴ്ച നടത്തുകയും എല്ലാവരും തിരികെ റെയിൽവേയിലെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ വഴിത്തിരിവ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബജ്റംഗ് പൂനിയ അടക്കമുള്ളവർ അമിത് ഷായെ കണ്ടത്. ചർച്ചയിലെ വിശദാംശങ്ങൾ പുറത്തുപറയരുതെന്ന് സർക്കാർ തലത്തിൽ നിർദേശം ലഭിച്ചിരുന്നതായും, എന്നാൽ, ഷായുമായി ധാരണയൊന്നുമുണ്ടാക്കിയിട്ടില്ലെന്നും പൂനിയ പിന്നീട് പറഞ്ഞിരുന്നു.
പൂനിയയെ കൂടാതെ സാക്ഷി മാലിക്, സംഗീത ഫോഗാട്ട്, സത്യവ്രത് കദിയാൻ എന്നിവരാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരേ സ്വതന്ത്ര അന്വേഷണവും അടിയന്തര നടപടിയുമാണ് താരങ്ങൾ അന്നത്തെ ചർച്ചയിൽ ആവശ്യപ്പെട്ടത്. എന്നാൽ, നിയമം നിയമത്തിന്‍റെ വഴിക്കു പോകുമെന്നു പറഞ്ഞതല്ലാതെ അമിത് ഷാ മറ്റ് ഉറപ്പുകളൊന്നും നൽകിയിരുന്നില്ലെന്നാണ് പൂനിയ പറയുന്നത്.