തുംഗഭദ്ര ഡാം: തകർന്ന ഗേറ്റ് 5 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കുമെന്ന് ശിവകുമാർ

വിദഗ്ധ സമിതി രൂപീകരിച്ച് കർണാടകയിലെ എല്ലാ ഡാമുകളുടെയും സുരക്ഷ പരിശോധിക്കും
tungabhadra dam
tungabhadra damfile
Updated on

ബംഗളൂരു: തുംഗഭദ്ര അണക്കെട്ടിന്‍റെ തകർന്ന ഗേറ്റ് 5 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കാനായേക്കുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തകർന്ന പത്തൊമ്പതാം നമ്പർ ഗേറ്റിന്‍റെ മാതൃക സ്റ്റീൽ കമ്പനിക്കു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം. ഗേറ്റ് തകർന്നതു കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ ഡാമുകളുടെയും സുരക്ഷ പരിശോധിക്കാൻ തീരുമാനിച്ചെന്നും ശിവകുമാർ അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് തുംഗഭദ്രാ നദിക്കു കുറുകെ ഹോസ്പെട്ടിലുള്ള ഡാമിന്‍റെ ഒരു ഗേറ്റ് തകർന്നത്. ഇതോടെ, ഡാം തകരാതിരിക്കാൻ അവശേഷിക്കുന്ന 33 ഗേറ്റുകളും തുറന്നു. 105 ടിഎംസി വെള്ളമുണ്ടായിരുന്ന ഡാമിൽ 55-60 ടിഎംസിയിലേക്കു താഴ്ത്തിയാലേ 19-ാം നമ്പർ ഗേറ്റിന്‍റെ ചങ്ങലയിലെ തകരാർ പരിഹരിക്കാനാകൂ. ഇതിനായി സെക്കൻഡിൽ 25 ലക്ഷത്തോളം ലിറ്റർ വെള്ളം പുറത്തേക്കൊഴുക്കുകയാണ്. അധികജലം ഒഴുക്കിയതോടെ കർണാടകയിലും ആന്ധ്രപ്രദേശിലുമായി തുംഗഭദ്ര, കൃഷ്ണ നദീ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. പലയിടത്തും കൃഷിഭൂമിയിൽ വെള്ളംകയറിയിട്ടുണ്ട്.

മന്ത്രി ശിവകുമാർ ഞായറാഴ്ച ഡാം സന്ദർശിച്ചിരുന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ അണക്കെട്ട് സന്ദർശിക്കും. കർഷകരുടെ ഒരു വിളയെങ്കിലും രക്ഷിക്കാനാണു ശ്രമിക്കുന്നതെന്നു ശിവകുമാർ. അപകടം ഗൗരവമുള്ളതാണ്. 70 വർഷത്തിനിടെ ആദ്യമാണ്. എന്നാൽ, ആശങ്ക വേണ്ട. വിദഗ്ധ സമിതി രൂപീകരിച്ച് എല്ലാ അണക്കെട്ടുകളിലും ഏതാനും ദിവസത്തിനുള്ളിൽ പരിശോധന നടത്തും. ജെഎസ്ഡബ്ല്യു സ്റ്റീൽ കമ്പനിയോടാണു പുതിയ ഗേറ്റം ചങ്ങലയും നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതൽ ശക്തമായ ഗേറ്റും ചങ്ങലയും ഉപയോഗിക്കും. തുംഗഭദ്ര ഡാം കർണാടകയല്ല നിയന്ത്രിക്കുന്നത്. അതിനു പ്രത്യേക ബോർഡുണ്ടെന്നും ശിവകുമാർ പറഞ്ഞു. ‌

Trending

No stories found.

Latest News

No stories found.