ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ സാധ്യത ചർച്ചകൾ പരാജയപ്പെട്ടതായി വിവരം. ഞായറാഴ്ച ആദ്യ സ്ഥാനാർഥി പട്ടിക പുറത്തു വരാനിരിക്കെയാണ് എഎപിയുടെ തീരുമാനം. സംസ്ഥാനത്തെ 50 നിയമസഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപി തീരുമാനം.
നിയമസഭയിൽ മത്സരിക്കാനായി 10 സീറ്റുകളാണ് എഎപി കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. 7 സീറ്റുകൾ വരെ നൽകാമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ഇതോടെയാണ് സഖ്യ സാധ്യതകൾ മങ്ങുന്നത്. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചാണ് മത്സരിച്ചത്.
ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിയാണ് താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ സീറ്റ് വിഭജനത്തിൽ പാർട്ടിയുടെ സംസ്ഥാന വിഭാഗം ഇടയുകയായിരുന്നു. സഖ്യത്തെ ഭൂപീന്ദർ സിങ് ഹൂഡ വിഭാഗം, ശക്തമായി എതിർക്കുകയും ഒരു യോഗത്തിൽ നിന്നും ഇറങ്ങിപോവുകയും ചെയ്തിരുന്നു.