ചണ്ഡിഗഡ്: പഞ്ചാബ് പൊലീസിനെ വെട്ടിച്ചു കടന്ന ഖാലിസ്ഥാൻ വാദി അമൃത് പാൽ സിങ്ങിന് ഒളിയിടമൊരുക്കിയതിന് ഹരിയാനയിൽ യുവതി അറസ്റ്റിൽ. കുരുക്ഷേത്രയിലെ ഷഹബാദ് സ്വദേശി ബൽജീത് കൗറിനെയാണു ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി മോട്ടോർബൈക്കിൽ കടന്ന അമൃത്പാലും കൂട്ടാളി പപൽപ്രീത് സിങ്ങും ഇവരുടെ വീട്ടിലെത്തിയതായി കണ്ടെത്തി. പപൽപ്രീതുമായി ബൽജീത്തിന് രണ്ടു വർഷത്തെ പരിചയമുണ്ട്. യുവതിയെ പഞ്ചാബ് പൊലീസിനു കൈമാറി.
അതിനിടെ, അമൃത്പാലിന് സുരക്ഷയൊരുക്കിയ സ്വകാര്യ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായിരുന്ന തേജീന്ദർ സിങ് ഗില്ലിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിൽ നിന്നാണ് ഇയാൾ പിടിയിലായത്. അമൃത്പാലിനായുള്ള തെരച്ചിലും പൊലീസ് ഊർജിതമാക്കി. ഇയാളുടെ അമ്മയെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തു. ഇയാള്‍ മഹാരാഷ്ട്രയിലേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടെയും പൊലീസ് ജാഗ്രത പുലർത്തുന്നു. നന്ദേഡ് അടക്കമുള്ള ജില്ലകളിലാണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസിനൊപ്പം ഭീകരവിരുദ്ധ സേനയും തെരച്ചില്‍ നടത്തുന്നുണ്ട്.
അഞ്ച് വാഹനങ്ങളിലായാണ് അമൃത്പാൽ രക്ഷപെട്ടതെന്നാണു പഞ്ചാബ് പൊലീസിന്റെ വെളിപ്പെടുത്തൽ. കാറുകളും ബൈക്കുകളും മുച്ചക്രവാഹനവും ഉപയോഗിച്ചാണ് ഇയാള്‍ കടന്നത്.
ആദ്യം മേഴ്സിഡസ് ബെന്‍സില്‍ ജല്ലുപുർഖേരയില് നിന്ന് പുറപ്പെട്ട അമൃത്പാല്‍ പിന്നീട് ബ്രസ്സ കാറിലേക്ക മാറി. കാത്തു നഗ്ഗലില്‍ വച്ച് ബ്രസ്സ കാർ ഉപേക്ഷിച്ച് സഹായിയായ പപല്‍ പ്രീതിനൊപ്പം പ്ലാറ്റിന ബൈക്കിലേക്കു മാറി. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനാല്‍ അധികം വൈകാതെ ഉത്തരേന്ത്യയില്‍ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന മുച്ചക്രവാഹനത്തില്‍ ബൈക്കടക്കം കയറ്റിയായിരുന്നു പിന്നീട് സഞ്ചാരം. ഇതിനുശേഷം ബൈക്ക് യാത്രക്കാരനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് അതിലായി സഞ്ചാരം.
അമൃത്പാലിന് നിരവധി വിവാഹിതരും അവിവാഹിതരുമായുള്ള നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ ചാറ്റില്‍ നിന്നും വോയിസ് നോട്ടില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ പുറത്തായത്. തന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത സ്ത്രീകളെ ചില വിഡിയൊകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തന്റെ വരുതിയിലാക്കാനും ഇയാൾ ശ്രമിച്ചു.