ഹത്രാസ് : രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗ കൊലക്കേസിലെ മൂന്നു പ്രതികളെ വെറുതെ വിട്ടു. മുഖ്യപ്രതി കുറ്റക്കാരനാണെന്നു കോടതി വിധിച്ചു. മുഖ്യപ്രതി സന്ദീപ് ഠാക്കൂർ കുറ്റക്കാരനാണെന്നു എസ് സി/ എസ്ടി കോടതിയാണു വിധി പുറപ്പെടുവിച്ചത്. നേരത്തെ പ്രതി ചേർക്കപ്പെട്ട രവി, രാമു, ലവ് കുഷ് എന്നിവരെ വെറുതെവിട്ടു. അതേസമയം കോടതിവിധിയിൽ തൃപ്തരല്ലെന്നു പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും കുടുംബം അറിയിച്ചു. ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തൊമ്പതുകാരിയായ ദളിത് പെൺകുട്ടിയെ മേൽജാതിയിൽപ്പെട്ട നാലു പേർ ചേർന്നു ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരണടഞ്ഞു. തുടർന്നു രാജ്യത്താകമാനം വൻ പ്രതിഷേധങ്ങളുയർന്നു. അർധരാത്രി പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതും കടുത്ത വിമർശനം ഉയർത്തി. അനുവാദമില്ലാതെയാണു മൃതദേഹം സംസ്കരിച്ചതെന്നും ആരോപണമുണ്ടായി.