ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ ബിജെപിക്ക് ആശ്വാസം പകർന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ജനതാദൾ സെക്യുലറും മായാവതിയുടെ ബിഎസ്പിയുമുൾപ്പെടെ കക്ഷികൾ രംഗത്തെത്തി. ചടങ്ങിൽ പങ്കെടുക്കുമെന്നു ദേവഗൗഡ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ തനിക്കു പങ്കെടുക്കാനാവില്ലെങ്കിലും ചടങ്ങ് ബഹിഷ്കരിക്കില്ലെന്നു മായാവതി അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെഡിയും വൈഎസ്ആർ കോൺഗ്രസും കൂടി അറിയിച്ചതോടെ 25 പാർട്ടികളുടെ സാന്നിധ്യം ഉറപ്പായി. കോൺഗ്രസ് ഉൾപ്പെടെ 21 പാർട്ടികളാണു ബഹിഷ്കരണം പ്രഖ്യാപിച്ചത്.
എൻഡിഎ ഘടകകക്ഷികളാണ് പങ്കെടുക്കുന്ന 18 കക്ഷികൾ. ബിഎസ്പി, ശിരോമണി അകാലിദൾ, ജെഡിഎസ്, ലോക് ജനശക്തി പാർട്ടി (രാംവിലാസ്), വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ടിഡിപി എന്നിവയാണ് എൻഡിഎയ്ക്കു പുറത്തു നിന്ന് ചടങ്ങിൽ സാന്നിധ്യം ഉറപ്പാക്കിയ പാർട്ടികൾ. ഈ ഏഴു കക്ഷികൾക്കും കൂടി അമ്പതിലേറെ എംപിമാരുണ്ട്.
ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ പരോക്ഷമായി വിമർശിച്ചാണു ദേവഗൗഡയുടെ പ്രതികരണം. പാർലമെന്റ് മന്ദിരം ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഓഫിസല്ല. നികുതിദായകരുടെ പണം കൊണ്ടാണ് അതു നിർമിച്ചത്. മന്ദിരം രാജ്യത്തിന്റെ സ്വത്താണ്. മുൻ പ്രധാനമന്ത്രിയെന്ന നിലയിലും പൗരനെന്ന നിലയിലും ഞാൻ പങ്കെടുക്കും. ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായ ആരോപണങ്ങൾ കൊണ്ടുവരാൻ താത്പര്യമില്ല- ഗൗഡ പറഞ്ഞു.
പ്രതിപക്ഷ ബഹിഷ്കരണം അന്യായമെന്നു മായാവതി പറഞ്ഞു . സർക്കാരാണ് പുതിയ മന്ദിരം നിർമിച്ചത്. ചടങ്ങും സർക്കാരിന് തീരുമാനിക്കാം. രാഷ്ട്രപതിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതിലും ഗോത്ര വനിതയെ അവഗണിച്ചെന്ന് ആരോപിക്കുന്നതിലും കഴമ്പില്ല . രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിനെ എതിർത്തവരാണ് ഇപ്പോൾ ഇത്തരം ന്യായീകരണമുന്നയിക്കുന്നതെന്നും മായാവതി പറഞ്ഞു .
ചടങ്ങിൽ പങ്കെടുക്കാനുള്ള തങ്ങളുടെ തീരുമാനത്തെ വിമർശിച്ച കോൺഗ്രസിനുള്ള മറുപടിയുമായി ബിജെഡിയും രംഗത്തെത്തി. ദ്രൗപദി മുർമുവിനെതിരേ യശ്വന്ത് സിൻഹയെ മത്സരിപ്പിച്ചവരാണ് ഇപ്പോൾ രാഷ്ട്രപതിയോടു സ്നേഹം കാണിക്കുന്നതെന്ന് ബിജെഡി പറഞ്ഞു. അതിനിടെ, പ്രധാനമന്ത്രി പാർലമെന്ററി സംവിധാനത്തെ നശിപ്പിച്ചെന്ന ആരോപണമുയർത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഷ്ട്രപതിയെ അപമാനിച്ചെന്ന് അഖിലേന്ത്യാ ആദിവാസി കോൺഗ്രസും ആരോപിച്ചു.
എന്നാൽ, ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്ന ചെങ്കോലിനെ ജവഹർ ലാൽ നെഹ്റുവിന് ലഭിച്ച ഊന്നുവടിയായി ഒളിപ്പിക്കുകയായിരുന്നു കോൺഗ്രസെന്നും ഇന്ത്യൻ സംസ്കാരത്തെ അവർ അപമാനിച്ചെന്നുമുള്ള ആരോപണമുയർത്തി ബിജെപി തിരിച്ചടി ശക്തമാക്കി.