ഡാർജലിങ്: ഡാർജലിങ് ഹിമാലയൻ റെയ്ൽവേ ടോയ് ട്രെയ്ൻ എൻജിൻ പാളം തെറ്റി. പത്തു ദിവസത്തിനിടെ ഇതു രണ്ടാം വട്ടമാണു ടോയ് ട്രെയ്ൻ എൻജിൻ പാളം തെറ്റുന്നത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നു നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയ്ൽവേ (എൻഎഫ്ആർ) വ്യക്തമാക്കി. യുനെസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണു ഡാർജലിങ് ഹിമാലയൻ റെയ്ൽവേ.
ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു പാളം തെറ്റിയത്. ഡാർജലിങ്-ഗൂം സ്റ്റേഷനുകൾക്കിടയിൽ എൻജിൻ പാളത്തിൽ നിന്നും തെന്നിമാറുകയായിരുന്നു. സമീപത്തെ റോഡിലേക്കു നീങ്ങിയതിനാൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
ഫെബ്രുവരി ഇരുപത്തിനാലിനും ടോയ് ട്രെയ്ൻ എൻജിൻ പാളം തെറ്റിയിരുന്നു. വളരെ പതുക്കെ സഞ്ചരിക്കുന്നതു കൊണ്ടു തന്നെ ഇത്തരം അപകടങ്ങളിൽ ആർക്കും പരുക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ഇപ്പോഴും പഴയ രീതിയിലുള്ള ട്രാക്കുകളാണു ഹിമാലയൻ റെയ്ൽവേയിൽ ഉപയോഗിക്കുന്നത്.