ഹിൻഡൻബർഗ് വിവാദം:22ന് കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്

അന്വേഷണം വേഗത്തിലാക്കാൻ സുപ്രീം കോടതിയിൽ ഹർജി
Hindenburg: Congress for nationwide agitation on 22nd
congress
Updated on

ന്യൂഡൽഹി: സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) മേധാവി മാധവി പുരി ബുച്ചിനെതിരേ യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണത്തിൽ സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിന്. 22ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഓഫിസുകളുൾപ്പെടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് രാജ്യ വ്യാപകമായി സമരം നടത്താൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു.

സെബി മേധാവി മാധവി പുരി ബുച്ചിനും ഭർത്താവിനും അദാനിയുടെ വിദേശ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്നു ഖാർഗെ പറഞ്ഞു. സെബി മേധാവിയുടെ രാജി ഉടൻ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണം. വിവാദത്തിൽ ജെപിസി അന്വേഷണത്തിനും ഉത്തരവിടണമെന്നു ഖാർഗെ. ശക്തമായ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

അന്വേഷണം വേഗത്തിലാക്കാൻ സുപ്രീം കോടതിയിൽ ഹർജി

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ച് വെളിപ്പെടുത്തലുകളിൽ സെബി നടത്തുന്ന അന്വേഷണത്തിനു സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി. സെബി മേധാവിക്കെതിരേ കൂടി ഹിൻഡൻബർഗ് ആരോപണമുയർത്തിയതോടെയാണ് അഭിഭാഷകനായ വിശാൽ തിവാരി പരമോന്നത കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജനുവരി മൂന്നിനു കേസ് പരിഗണിച്ച സുപ്രീം കോടതി മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സെബിയോടു നിർദേശിച്ചിരുന്നെന്നു ഹർജിയിൽ പറയുന്നു. എന്നാൽ, തുടർനടപടികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിച്ചില്ലെന്നും വിശാൽ തിവാരി.

Trending

No stories found.

Latest News

No stories found.