ലണ്ടൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിച്ച് ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ വാദികൾക്ക് മറുപടിയുമായി ഇന്ത്യ. ഹൈക്കമ്മിഷൻ ആസ്ഥാനത്തിനു മുന്നിൽ പടുകൂറ്റൻ പതാക സ്ഥാപിച്ചാണ് വിഘടനവാദികൾക്ക് മറുപടി നൽകിയിരിക്കുന്നത്.
സാധാരണ ഉയർത്താറുള്ള പതാകയുടെ ഇരുപത് ഇരട്ടി വലിപ്പമുള്ള പതാകയാണ് ഹൈക്കമ്മിഷൻ ഓഫിസിനു മുൻ വശത്ത് സ്ഥാപിച്ചത്. ഈ പതാകയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലും ബ്രിട്ടീഷ് മാധ്യമങ്ങളുലും വൈറലായി.
ഖാലിസ്ഥാൻ തീവ്രവാദി നേതാവ് അമൃതപാൽ സിങ്ങിനെതിരേ പഞ്ചാബ് പൊലീസും കേന്ദ്ര സേനകളും നടത്തുന്ന നീക്കത്തിൽ രോഷം പ്രകടിപ്പിക്കാൻ ലണ്ടനിലെ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് ഞായറാഴ്ച ആക്രമിക്കുകയും ദേശീയ പതാക വലിച്ചുതാഴ്ത്തി തലകീഴായി കെട്ടുകയും ചെയ്തിരുന്നു. അക്രമികളെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
ഖാലിസ്ഥാൻ വാദികൾ കെട്ടിടത്തിൽ കയറുന്നതും ദേശീയ പതാക അഴിച്ചുമാറ്റുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഈ സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. ഹൈക്കമ്മിഷൻ പരിസരത്ത് മതിയായ സുരക്ഷ ഒരുക്കാത്തത് തികച്ചും അപലപനീയമാണെന്നും വിയന്ന കൺവെൻഷനു വിരുദ്ധമാണ് ഈ നടപടിയെന്നും ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ വീഴ്ച അംഗീകരിക്കാനാവില്ല. അക്രമികള്‍ക്ക് കെട്ടിടത്തില്‍ കടന്നുകയറാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. അക്രമികൾക്കെതിരേ ഉടൻ നടപടികൾ സ്വീകരിക്കണം- ഇന്ത്യ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.
വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം വിദേശരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം യുകെ സര്‍ക്കാരിനാണുള്ളത്. ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സർക്കാരിന്‍റെ നിസംഗത അംഗീകരിക്കാനാവില്ല. വിഘടനവാദികളുടെയും തീവ്രവാദികളുടെയും നടപടികൾക്കു കാരണമായ സുരക്ഷാ അഭാവത്തിന് വിശദീകരണം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലെ ഉന്നത ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ലണ്ടനിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് അപലപിച്ചു.