വ്യോമസേന മിഗ്-21 വിമാനങ്ങളുടെ പറക്കൽ നിർത്തിവച്ചു

രണ്ടാഴ്ച മുൻപ് രാജസ്ഥാനിലുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം
വ്യോമസേന മിഗ്-21 വിമാനങ്ങളുടെ പറക്കൽ നിർത്തിവച്ചു
Updated on

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള മുഴുവൻ മിഗ്-21 വിമാനങ്ങളുടെയും പറക്കൽ താത്കാലികമായി നിർത്തിവച്ചു. രണ്ടാഴ്ച മുൻപ് രാജസ്ഥാനിലുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരിശീലനത്തിനു പറന്നുയർന്നതിനു പിന്നാലെ വിമാനം ഒരു വീട്ടിലേക്ക് ഇടിച്ചിറങ്ങുകയും മൂന്നു പേർ കൊല്ലപ്പെടുകയുമായിരുന്നു.

അമ്പതോളം മിഗ്-21 വിമാനങ്ങളാണ് വ്യോമസേനയുടെ ഫ്ളീറ്റിലുള്ളത്. സുരക്ഷാ ഏജൻസികളുടെ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇവയ്ക്കെല്ലാം ഇനി പറക്കാൻ അനുമതി പുനസ്ഥാപിക്കൂ.

1960കളിലാണ് അന്നത്തെ സോവ്യറ്റ് യൂണിയന്‍റെ പക്കൽനിന്ന് ഇന്ത്യ ആദ്യമായി മിഗ്-21 വിമാനങ്ങൾ വാങ്ങുന്നത്. തുടർന്നിങ്ങോട്ട് ഈ‍യിനത്തിൽപ്പെട്ട വിമാനങ്ങൾ നാനൂറിലധികം അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്.

അതേസമയം, ദീർഘകാലം വ്യോമസേനയുടെ പ്രധാന ആശ്രയം കൂടിയായിരുന്നു ഈ പോർവിമാനങ്ങൾ. ആകെ 870 മിഗ്-21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കായി വാങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിന്‍റെ സേഫ്റ്റി റെക്കോഡ് വളരെ മോശവുമാണ്.

നിലവിൽ മൂന്ന് മിക്-21 സ്ക്വാഡ്രണുകളാണ് വ്യോമസേനയ്ക്കുള്ളത്. ഇ‌വയിലെല്ലാം കൂടി അമ്പതോളം വിമാനങ്ങളും. ഇവ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായി ഒഴിവാക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു.

മിഗ്-21 വിമാനങ്ങളുടെ സ്ഥാനത്ത് തദ്ദേശീയമായി നിർമിക്ക തേജസ് ജെറ്റുകളാണ് ഭാവിയിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ 83 വിമാനങ്ങൾ വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (HAL) പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാറും ഒപ്പുവച്ചു കഴിഞ്ഞു. ഇതുകൂടാതെ, 36 റഫാൽ ജെറ്റുകളും വ്യോമസേന സ്വന്തമാക്കിക്കഴിഞ്ഞു. 114 മീഡിയം റോൾ ഫൈറ്റർ വിമാനങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു.

Trending

No stories found.

Latest News

No stories found.