ടിഡിപിയെ കൂടെ കൂട്ടാൻ 'ഇന്ത്യ' സഖ്യത്തിന്‍റെ നീക്കം

ടിഡിപിയെ എൻഡിഎയിലെടുക്കണമെന്ന ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിന്‍റെ അഭ്യർഥനയോട് ബിജെപി നിസംഗത പുലർത്തുന്ന സാഹചര്യത്തിലാണു പ്രതിപക്ഷ നീക്കം
Jana Sena Party Chief K. Pawan Kalyan speaks in a press meet along with TDP leader Nara Lokesh and Nandamuri Balakrishna Rajamundry Central Prison on September 14
Jana Sena Party Chief K. Pawan Kalyan speaks in a press meet along with TDP leader Nara Lokesh and Nandamuri Balakrishna Rajamundry Central Prison on September 14
Updated on

ന്യൂഡൽഹി: ലോക്സഭയിലേക്കും ആന്ധ്രപ്രദേശ് നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തെലുഗുദേശം പാർട്ടിയെ (ടിഡിപി) ഒപ്പം നിർത്താൻ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' ശ്രമം തുടങ്ങി. ടിഡിപിയെ എൻഡിഎയിലെടുക്കണമെന്ന ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിന്‍റെ അഭ്യർഥനയോട് ബിജെപി നിസംഗത പുലർത്തുന്ന സാഹചര്യത്തിലാണു പ്രതിപക്ഷ നീക്കം.

ആന്ധ്രയിലെ ബിജെപി സഖ്യകക്ഷിയായ ജനസേനാ പാർട്ടി കഴിഞ്ഞ ദിവസം ടിഡിപിയുമായി സഖ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷവും ബിജെപി നേതൃത്വത്തിൽ നിന്നു പ്രതികരണമുണ്ടായില്ല.

ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തപ്പോഴും ബിജെപി നേതൃത്വം കാര്യമായി പ്രതികരിച്ചിരുന്നില്ല. നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും അതിനാൽ അപലപിക്കുന്നുവെന്നുമാണ് നായിഡുവിന്‍റെ ബന്ധുവും ആന്ധ്രയിലെ ബിജെപി അധ്യക്ഷയുമായ ഡി. പുരന്ദേശ്വരിയുടെ പ്രസ്താവന. ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

നാലു വർഷമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെ നിർണായക വിഷയങ്ങളിൽ പിന്തുണയ്ക്കുന്ന നിലപാടാണ് ആന്ധ്രയിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്നത്. 2024ലും വൈഎസ്ആർ കോൺഗ്രസ് ആന്ധ്ര ഭരണം നിലനിർത്തുമെന്നാണ് അഭിപ്രായ സർവെകളുടെ പ്രവചനം. ആന്ധ്രയിലെ ലോക്സഭാ സീറ്റുകളിൽ ഭൂരിപക്ഷവും പാർട്ടിക്കു ലഭിക്കുമെന്നും സർവെകൾ പറയുന്നു. ഈ സാഹചര്യത്തിൽ വൈഎസ്ആർ കോൺഗ്രസിനോടും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയോടും മൃദുനയം സ്വീകരിച്ചാൽ മതിയെന്ന തന്ത്രത്തിലാണു ബിജെപി. ഇതോടെ "ഇന്ത്യ' സഖ്യത്തിൽ നിന്നു തൃണമൂൽ കോൺഗ്രസ് മുൻകൈയെടുത്ത് ടിഡിപിയെ ആകർഷിക്കാൻ നീക്കം തുടങ്ങി.

നായിഡുവിന്‍റെ അറസ്റ്റിനെതിരേ തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, നാഷണൽ കോൺഫറൻസ് തുടങ്ങിയവ രംഗത്തെത്തി. ടിഡിപി നേതൃത്വവുമായി ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹത്തെ സഖ്യത്തിലേക്ക് ക്ഷണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും തൃണമൂൽ നേതാവ് പ്രതികരിച്ചു. എന്നാൽ, അടുത്ത "ഇന്ത്യ' യോഗത്തിൽ ടിഡിപിയെ സഖ്യകക്ഷിയാക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നു മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു. ഇക്കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും അദ്ദേഹം.

കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യത്തിൽ ചേരുന്നത് തെലുഗുദേശം പാർട്ടിക്ക് ആശയപരമായി വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കോൺഗ്രസിനോട്, പ്രത്യേകിച്ച് ഗാന്ധി കുടുംബത്തോടുള്ള എതിർപ്പാണ് ടിഡിപി എന്ന പാർട്ടിയുടെ രൂപീകരണത്തിനു തന്നെ വഴിമരുന്നിട്ടത്. അതുകൊണ്ടുതന്നെ ബിജെപി സഖ്യത്തിലേക്കു തിരികെയെത്താൻ ഏതാനും മാസങ്ങളായി ശ്രമങ്ങൾ നടത്തിയിരുന്നു നായിഡു. കഴിഞ്ഞ ജൂണിൽ അദ്ദേഹം കേന്ദ്ര മന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയെങ്കിലും ജൂലൈയിൽ നടന്ന എൻഡിഎ യോഗത്തിലേക്കു ക്ഷണം ലഭിച്ചിരുന്നില്ല.

Trending

No stories found.

Latest News

No stories found.