ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി മെറ്റ, ഗൂഗിൾ മേധാവികൾക്ക് കത്തയച്ചു. ഇന്ത്യയിൽ ഭരണപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുകയും സാമൂഹിക സ്പർധയുണ്ടാക്കുകയും ചെയ്യുന്നതിൽ സമൂഹമാധ്യമങ്ങൾ നിർണായക പങ്കു വഹിക്കുന്നെന്നു കാട്ടി വാഷിങ്ടൻ പോസ്റ്റ് പുറത്തിറക്കിയ ലേഖനത്തിന് പിന്നാലെയാണ് ഇന്ത്യ മുന്നണിയുടെ നീക്കം.
ഫെയ്സ്ബുക്, വാട്സാപ്പ്, യുട്യൂബ് എന്നിവ ബിജെപി സർക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണയ്ക്കുന്ന തരത്തിൽ പക്ഷപാതപരമായ സമീപനം കാണിക്കുന്നുവെന്നും വാഷിങ്ടൻ പോസ്റ്റിലെ ലേഖനത്തിൽ പരാമർശിക്കുന്നു. എക്സ് പ്ലാറ്റ്‌ഫോമിൽ സക്കർബർഗിനെയും പിച്ചെയെയും അഭിസംബോധന ചെയ്തു പങ്കുവച്ച കത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയിട്ടുണ്ട്.