ന്യൂഡൽഹി: രാജ്യത്തെ 9 പ്രമുഖ വാർത്താ ചാനലുകളിലായി പ്രവർത്തിക്കുന്ന 14 വാർത്താ അവതാരകരെ ബഹിഷ്കരിക്കുമെന്നു വിശാല പ്രതിപക്ഷ സഖ്യം "ഇന്ത്യ'. 12ന് ചേർന്ന സഖ്യം ഏകോപന സമിതി യോഗത്തിലാണു തീരുമാനമെടുത്തതെന്ന് ഇവരുടെ പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി (എഎപി) അറിയിച്ചു.
പൊതുതാത്പര്യമുള്ള വിഷയങ്ങളെ ഇവർ വർഗീയ കാഴ്ചപ്പാടിലും പക്ഷപാതപരമായുമാണു സമീപിക്കുന്നതെന്ന് എഎപി ആരോപിച്ചു. റിപ്പബ്ലിക് ടിവി എഡിറ്റർ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ 14 പേരാണു പട്ടികയിലുള്ളത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ചില ചില മുൻനിര മാധ്യമങ്ങൾ അവഗണിച്ചെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു.
അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (മൂന്നു പേരും ന്യൂസ് 18), അദിതി ത്യാഗി (ഇന്ത്യ എക്സ്പ്രസ്), ചിത്ര ത്രിപാഠി, സുധീർ ചൗധരി (ഇരുവരും ആജ് തക്), അർണബ് ഗോസ്വാമി (റിപ്പബ്ലിക് ടിവി), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇരുവരും ഇന്ത്യ ടുഡേ), പ്രാചി പരാശർ (ഇന്ത്യ ടിവി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്), റൂബിക ലിയാഖത്ത് (ഇന്ത്യ 24), അശോക് ശ്രീവാസ്തവ്, നവിക കുമാർ (ടൈംസ് നൗ) എന്നിവരെയാണ് ബഹിഷ്കരിക്കുന്നത്. 2019ലും സമാനമായ രീതിയിൽ കോൺഗ്രസ് ചില ടെലിവിഷൻ പരിപാടികൾ ബഹിഷ്കരിച്ചിരുന്നു.