കിഴക്കൻ ലഡാഖിൽ സേനാ പിന്മാറ്റം തുടങ്ങി; 29ന് പൂർത്തിയാകും

കിഴക്കൻ ലഡാഖിലെ സൈനിക പിന്മാറ്റത്തോടെ ഇന്ത്യയും ചൈനയുമായി നാലു വർഷം പിന്നിട്ട സൈനിക, നയതന്ത്ര സംഘർഷത്തിനാണ് അയവു വരുന്നത്
India - China deal on LAC patrol
കിഴക്കൻ ലഡാഖിൽ സേനാ പിന്മാറ്റം തുടങ്ങി; 29ന് പൂർത്തിയാകും
Updated on

ന്യൂഡൽഹി: കിഴക്കൻ ലഡാഖിലെ ദെപ്സാങ് സമതലം, ഡെംചോക്ക് എന്നിവിടങ്ങളിൽ സൈനിക പിന്മാറ്റം തുടങ്ങി. ചൊവ്വാഴ്ചയോടെ ഇതു പൂർത്തിയാകും. ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പൂർണമായി പിൻവാങ്ങുന്നതിനൊപ്പം ഇവിടത്തെ താത്കാലിക നിർമാണങ്ങളും പൊളിച്ചുനീക്കും. 2020 ഏപ്രിലിലെ നില പുനഃസ്ഥാപിക്കുമെന്നും സേനാ നേതൃത്വം അറിയിച്ചു. സേനാ പിന്മാറ്റം നടക്കുമെങ്കിലും സൈനിക കമാൻഡർമാരുടെ പതിവായുള്ള കൂടിക്കാഴ്ച തുടരും. പട്രോളിങ്ങിനു പുറപ്പെടും മുൻപ് ഇരു സേനകളും പരസ്പരം ഇതേക്കുറിച്ചു വിവരം കൈമാറും. തെറ്റിദ്ധാരണകൾ ഒഴിവാക്കുകയാണു ലക്ഷ്യം. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖ (എൽഎസി) യില്‍ നിന്ന് സൈനികരെ പിന്‍വലിക്കാൻ കഴിഞ്ഞ ദിവസമാണ് ഇന്ത്യയും ചൈനയും തീരുമാനിച്ചത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നു റഷ്യയിലെ കസാനിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന് ഷി ജിൻപിങ്ങും പ്രഖ്യാപിച്ചിരുന്നു.

കിഴക്കൻ ലഡാഖിലെ സൈനിക പിന്മാറ്റത്തോടെ ഇന്ത്യയും ചൈനയുമായി നാലു വർഷം പിന്നിട്ട സൈനിക, നയതന്ത്ര സംഘർഷത്തിനാണ് അയവു വരുന്നത്.

2020 മേയിൽ പാംഗോങ് തടാകമേഖലയിൽ ഇരുസേനകളുമായി സംഘർഷമുണ്ടായിരുന്നു. തൊട്ടടുത്ത മാസം ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടൽ ഇതിന്‍റെ തുടർച്ചയായിരുന്നു. ഏറ്റുമുട്ടലിൽ ചൈനയ്ക്ക് 40ലേറെ സൈനികരെ നഷ്ടമായതായാണ് റിപ്പോർട്ട്.

പിന്നീട് ഇരുപക്ഷവും എൽഎസിയിൽ സൈനിക കേന്ദ്രീകരണം നടത്തി. 70000ലേറെ സൈനികരെയും 90 ടാങ്കുകളും ഇന്ത്യ വിന്യസിച്ചെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പുറമേ നൂറുകണക്കിന് പടക്കോപ്പുകളും നിരത്തി. സുഖോയ്, ജാഗ്വാർ വിമാനങ്ങളും സജ്ജമായിരുന്നു. ചൈനയും സമാനമായ സൈനിക കേന്ദ്രീകരണം നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.