ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നാലു ട്രില്യൻ ഡോളർ (നാലു ലക്ഷം കോടി ഡോളർ) കടന്നുവെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലാദ്യമായാണ് ഈ നാഴികക്കല്ല് പിന്നിടുന്നതെന്നും ലോകത്തിലെ നാലാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നുമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാൽ, ധനമന്ത്രാലയമോ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസോ ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേട്ടത്തിലേക്ക് ഇനിയും ദൂരമുണ്ടെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്)യിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ജിഡിപിയുടെ ലൈവ് ട്രാക്കിങ് സ്ക്രീൻ ഷോട്ട് പങ്കുവച്ചായിരുന്നു ഇന്ത്യ നേട്ടം കൈവരിച്ചതായി വാദമുയർന്നത്. കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‌വാൾ ഉൾപ്പെടെ ബിജെപി നേതാക്കളും സ്ക്രീൻ ഷോട്ട് പങ്കുവച്ചു. ""ജിഡിപിയിൽ നാലു ട്രില്യൻ ഡോളർ എന്ന ചരിത്ര നേട്ടത്തിലെത്തി ഇന്ത്യ. ആഗോള സാന്നിധ്യത്തിൽ നമ്മളെ സംബന്ധിച്ച് നിർണായക നിമിഷമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്ത്യയെ അപ്രതീക്ഷിത ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നു''- മേഘ്‌വാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.
കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രപ്രദേശ് ബിജെപി അധ്യക്ഷ ഡി. പുരന്ദേശ്വരി തുടങ്ങിയവരും ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയും ഇന്ത്യ നാലു ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥയായെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു.
സ്വാതന്ത്ര്യം നേടി 60 വർഷമെത്തിയപ്പോഴാണ് ഇന്ത്യ ഒരു ട്രില്യൻ ഡോളർ എന്ന നേട്ടത്തിലെത്തിയത്. 2014ൽ ജിഡിപി രണ്ടു ട്രില്യൻ ഡോളറിലെത്തി. 2026-27ൽ അഞ്ചു ട്രില്യൻ സമ്പദ്‌വ്യവസ്ഥയാകുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2030ൽ ഏഴു ട്രില്യനിലെത്താനും കേന്ദ്ര സർക്കാർ രൂപരേഖ തയാറാക്കിയിട്ടുണ്ട്.