ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ഇന്ത്യക്കാർ; മോചനത്തിനായി ഇടപെട്ട് കേന്ദ്രം

ഇവരുടെ സുരക്ഷയും മോചനവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം നയതന്ത്ര നീക്കങ്ങൾ തുടങ്ങി.
ഇറാൻ ഹെലിബോൺ ഓപ്പറേഷനിലൂടെ കപ്പൽ പിടിച്ചെടുക്കുന്നു
ഇറാൻ ഹെലിബോൺ ഓപ്പറേഷനിലൂടെ കപ്പൽ പിടിച്ചെടുക്കുന്നു
Updated on

ദുബായ്, ന്യൂഡൽഹി: ഇസ്രയേലിനെ സമ്മർദത്തിലാക്കാൻ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഇസ്രേലി ശതകോടീശ്വരൻ ഇയാൽ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്‍റെ കപ്പലാണ് ഇറാന്‍റെ അർധസൈനിക വിഭാഗം റെവല്യൂഷണറി ഗാർഡിന്‍റെ കമാൻഡോകൾ പിടിച്ചെടുത്തത്. ഇതിലെ 25 ജീവനക്കാരിൽ രണ്ടു മലയാളികൾ ഉൾപ്പെടെ 17 പേരും ഇന്ത്യക്കാരാണ്. ഇവരുടെ സുരക്ഷയും മോചനവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം നയതന്ത്ര നീക്കങ്ങൾ തുടങ്ങി. സ്ഥിതിഗതികൾ വഷളാക്കിയാൽ ഇറാൻ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നല്ഡകി.

ഇസ്രയേലിനെതിരേ ഏതു നിമിഷവും ഇറാന്‍റെ ആക്രമണമുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹോർമുസ് കടലിടുക്കിൽ നിന്ന് റെവല്യൂഷണറി ഗാർഡുകൾ കപ്പൽ പിടിച്ചെടുത്തത്. ഹെലികോപ്റ്ററിൽ കപ്പലിൽ ഇറങ്ങുകയായിരുന്നു കമാൻഡോകൾ. കപ്പൽ ഇറാൻ തീരത്തേക്കു നീക്കി. സിറിയയിലെ ഡമാസ്കസിൽ ഇറാന്‍റെ കോൺസുലേറ്റിനു നേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തിയത്. ഇത്തരമൊരു നീക്കമുണ്ടായാൽ ഇസ്രയേലിനെ പിന്തുണയ്ക്കുമെന്നാണു യുഎസിന്‍റെ പ്രഖ്യാപനം.

ഇറാന്‍റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള വിഭാഗമോ യെമനിലെ ഹൂതികളോ ഇനിയൊരു ആക്രമണം നടത്തിയാൽ വലിയ തിരിച്ചടി നൽകുമെന്നാണ് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്.

പോർച്ചുഗലിന്‍റെ പതാകയുള്ള എംഎസ്‌സി ഏരീസ് എന്ന ചരക്കുകപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്തത്.

ദുബായിയിലേക്ക് പോവുകയായിരുന്നു കപ്പൽ. പശ്ചിമേഷ്യയിലെ ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പങ്കുവച്ചതെന്ന വിശദീകരണത്തോടെ വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് കപ്പൽ പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യം പങ്കുവച്ചിട്ടുണ്ട്. കപ്പലിന്‍റെ ഡെക്കിലെ കണ്ടെയ്‌നറുകളുടെ കൂട്ടത്തിലേക്ക് ഇറാന്‍റെ കമാൻഡോകൾ ഇറങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഇറാന്‍ സൈനികര്‍ എത്തിയ ഹെലികോപ്റ്റർ സോവിയറ്റ് കാലഘട്ടത്തിലെ മിൽ എംഐ -17 ഹെലികോപ്റ്റർ ആണെന്ന് നിഗമനം.

കപ്പലിന്‍റെ ട്രാക്കിങ് ഡേറ്റ നിലവില്‍ ഓഫാക്കിയ നിലയിലാണ്. ആഗോള എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ 2019 മുതൽ ഇറാൻ തുടർച്ചയായി കപ്പലുകൾ ആക്രമിക്കുന്നുണ്ട്. ഫുജൈറയുടെ കടൽത്തീരത്ത് ഇതേകാലത്ത് നിരവധി സ്ഫോടനങ്ങളും കപ്പൽ തട്ടിയെടുക്കലുകളും നടന്നിരുന്നു.

മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിന്‍റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാന്‍റെ ഇനിയുള്ള ഏതു നീക്കത്തെയും ചെറുക്കാൻ ശക്തമായ തയാറെടുപ്പുകൾ നടത്തിയതായി ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.

Trending

No stories found.

Latest News

No stories found.